മെല്‍ബണ്‍: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. എത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് എയര്‍ക്രാഫ്റ്റിനകത്ത് 300 യാത്രക്കാര്‍ ഉണ്ടായിരുന്നു. റണ്‍വേയില്‍ നിന്ന് ചലിച്ച് തുടങ്ങിയ വിമാനം പറന്നുയരുന്നതിന് തൊട്ടുമുന്‍പാണ് സംഭവം. പുക ഉയര്‍ന്നതിന് പിന്നാലെ പന്തികേട് തിരിച്ചറിഞ്ഞ പൈലറ്റ്, യാത്ര അടിയന്തരമായി റദ്ദാക്കാന്‍ തീരുമാനിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെല്‍ബണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്.
എത്തിഹാദ് എയര്‍വേയ്‌സിന്റെ EY461 എന്ന വിമാനത്തിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകുന്നേരം മെല്‍ബണില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിങ് 787 എന്ന എയര്‍ക്രാഫ്റ്റിന്റെ ടയറുകളാണ് തകരാറിലായത്. സര്‍വീസ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എത്തിഹാദ് എയര്‍വേയ്‌സ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഒറ്റ റണ്‍വേ മാത്രമേ മെല്‍ബണ്‍ എയര്‍പോര്‍ട്ടിലുള്ളൂവെന്നതിനാല്‍ റണ്‍വേയിലുണ്ടായ അപകടം വിമാനസര്‍വീസുകളെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്. തകരാറുകള്‍ പരിഹരിച്ചതിന് ശേഷം യാത്രക്കാരുമായി ഉടന്‍ യുഎഇയിലേക്ക് പറക്കുമെന്ന് എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.