എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; അപ്പീല്‍ നല്‍കുമെന്ന് മഞ്ജുഷ

എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; അപ്പീല്‍ നല്‍കുമെന്ന് മഞ്ജുഷ

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക  സംഘത്തിന് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടുകള്‍ ഡിഐജിക്ക് കൈമാറണം. അന്വേഷണത്തിലെ പുരോഗതി ഉദ്യോഗസ്ഥര്‍ ഹര്‍ജിക്കാരിയെ അറിയിക്കണം. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ എസ്‌ഐടി അന്വേഷിക്കണം.

കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നും എസ്‌ഐടി പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനല്‍ റിപ്പോര്‍ട്ട് ഡിഐജി ക്ക് മുമ്പില്‍ നല്‍കി അപ്രൂവല്‍ വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ കോടതി വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും നവീന്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിച്ചിരുന്നു.ഇത് പ്രതീക്ഷിച്ച വിധിയല്ലെന്നും മഞ്ജുഷയും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചു.

സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹര്‍ജിയിലെ ആക്ഷേപം. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു.

എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.