നിലമ്പൂര്‍: വനംവകുപ്പ് ഓഫീസ് ആക്രമിച്ച കേസില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ ജാമ്യം. നിലമ്പൂര്‍ കോടതി അന്‍വറിന് ജാമ്യം അനുവദിച്ചത്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത എംഎല്‍എയെ റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടി വെയ്ക്കണമെന്നുമുള്ള ഉപാധിയിലാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പി.വി അന്‍വറിന് ജാമ്യം ലഭിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണെന്ന് ഡി.എം.കെ. നേതാക്കള്‍ പ്രതികരിച്ചു. കോടതി ഉത്തരവ് ജയിലിലെത്തിയാലുടന്‍ അന്‍വറിന് പുറത്തിറങ്ങാനാകുമെന്ന് അദേഹത്തിന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് അന്‍വറിനെ പോലീസ് സംഘം വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വന്‍ പോലീസ് സംഘം എംഎല്‍എയുടെ വീട്ടിലെത്തി അദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അന്‍വറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ അന്‍വറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനിടെ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി സാധന സാമഗ്രികള്‍ നശിപ്പിച്ചെന്നാണ് കേസ്.
വനം വകുപ്പ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പി.വി അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരം പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.