കൊച്ചി: കൊച്ചിയില്‍ ഒഡിഷ എഫ്സിയെ തകര്‍ത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ആവേശ വിജയം പിടിച്ചു. 3-2നാണ് ടീമിന്റെ ഗംഭീര പ്രകടനം.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഒഡിഷ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ജെറി മാവിങ്തങ്കയിലൂടെ അവര്‍ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ക്വാമി പെപ്ര (60), ജീസസ് ജിമെനസ് (73), നോഹ് സദൂയി (90) എന്നിവരുടെ ഗോളുകള്‍ ടീമിന്റെ ജയം നിര്‍ണയിച്ചു. ഒഡിഷയുടെ രണ്ടാം ഗോള്‍ ഡോറി 80ാം മിനിറ്റില്‍ നേടി. 83-ാം മിനിറ്റില്‍ ഒഡിഷയുടെ കാര്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ അവസാന ഘട്ടത്തില്‍ അവര്‍ പത്ത് പേരായി ചുരുങ്ങി. ഈ കുറവ് ബ്ലാസ്റ്റേഴ്സ് സമര്‍ഥമായി തന്നെ മുതലെടുത്തു.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് 8-ാം സ്ഥാനത്ത്. ഒഡിഷ ഏഴാം സ്ഥാനത്തും.
കളിയിലുടനീളം കടുത്ത ആക്രമണമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. പക്ഷെ ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ സാധിച്ചില്ല. പിന്നീട് ജിമനെസിന്റെ കളത്തിലേക്കുള്ള വരവാണ് ടീമിന്റെ പ്രകടനത്തെ അടിമുടി മാറ്റി. രണ്ടാം പകുതിയില്‍ ടീം നിരന്തരം ഗോളിനരികിലെത്തി. നാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവ് മുതലെടുത്താണ് ഒഡിഷ മുന്നിലെത്തിയത്. ഒഡിഷ പകുതിയില്‍ നിന്നു വന്ന പന്ത് നേരെ ഡോറിയുടെ ദേഹത്ത് തട്ടി ജെറിയിലേക്ക്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പ്രതികരിക്കും മുന്‍പ് തന്നെ താരം പന്ത് വലയിലാക്കിയത്.
60-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. സ്വന്തം ബോക്സില്‍ നിന്നു ഐബന്‍ നീട്ടി നല്‍കിയ പന്ത് കോറോ സിങിലേക്ക്. താരം ഒഡിഷ പ്രതിരോധത്തെ കബളിപ്പിച്ച് പന്ത് ക്വാമി പെപ്രയ്ക്ക് നല്‍കുന്നു. ഓഫ് സൈഡ് കെണി പൊളിച്ച് ബോക്സിലേക്ക് ഓടി കയറിയ പെപ്ര ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങിനെ വെട്ടിച്ച് വല ചലിപ്പിച്ചു.
12 മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും ബ്ലാസ്റ്റേഴ്സ് വലയിലാക്കി. ആദ്യ ഗോള്‍ നേടിയ പെപ്രയാണ് ഗോളിന് വഴിയൊരുക്കിയത്. ഒഡിഷ ബോക്സില്‍ നിന്ന് പന്ത് കിട്ടിയ പെപ്ര വലതു വിങ്ങില്‍ അഡ്രിയാന്‍ ലൂണയ്ക്ക് കൈമാറി. ലൂണയുടെ ക്രോസ് നോഹ സദൂയി ഹെഡ് ചെയ്ത് ജിമനെസിനു മുന്നിലേക്കിട്ടു. ബോക്സില്‍ അവസരം കാത്തു നിന്ന താരം പന്ത് അനായാസം വലയിലിട്ടു.
മത്സരത്തില്‍ വീണ്ടും വിപരീത ഗതിയായി ഒഡിഷയുടെ സമനില ഗോള്‍. കൗണ്ടര്‍ അറ്റാക്കായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ജെറിയുടെ ശ്രമം തടയാന്‍ ശ്രമിച്ച പ്രീതം കോട്ടാല്‍ ഫൗള്‍ വഴങ്ങി. ഒഡിഷയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത ഡീഗോ മൗറീഷ്യോയുടെ ശ്രമം പോസ്റ്റില്‍ തട്ടി റീബൗണ്ട് ചെയ്തു. റീബൗണ്ട് പന്ത് ബോക്സിന് പുറത്ത് നിന്ന സേവ്യര്‍ ഗാമ ബുള്ളറ്റ് ഷോട്ടിലൂടെ ഗോളാക്കാന്‍ ശ്രമിച്ചു. ഗോള്‍ കീപ്പര്‍ സച്ചിന്‍ സൂരേഷ് ഈ ഷോട്ട് തട്ടിയകറ്റാന്‍ നോക്കിയപ്പോള്‍ പന്ത് നേരെ വീണത് ബോക്സില്‍ നിന്ന ഡോറിയിലേക്ക്. താരം നിഷ്പ്രയാസം ഗോളാക്കി. ഒടുവില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളും വന്നു. ഇഞ്ച്വറി സമയത്ത് ജിമനെസിന്റെ ഗോള്‍ അര്‍ഹിച്ച വിജയം ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.