തിരുവനന്തപുരം: എതിര്‍പ്പും പ്രതിഷേധവും ശക്തമായ സാഹചര്യത്തില്‍ വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ല. വന നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1961 ലെ വന നിയമത്തില്‍ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ തുടങ്ങുന്നത് 2013 ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്. മനപൂര്‍വ്വം വനത്തില്‍ കടന്നു കയറുക, വനമേഖലയിലൂടെ സഞ്ചരിക്കുക, വാഹനം നിര്‍ത്തുക തുടങ്ങിയവ കുറ്റകരമാക്കുന്നതാണ് ഭേദഗതി. അതിന്റെ തുടര്‍ നടപടികളാണ് പിന്നീടുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകില്ല.
കര്‍ഷകര്‍, മലയോര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവരുടെ ന്യായമായ താല്‍പര്യത്തിനെതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. വനസംരക്ഷണ നിയമത്തിലും ഇതാണ് സര്‍ക്കാരിന്റെ നിലപാട്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അതിനാല്‍ തന്നെ വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് കേന്ദ്ര നിയമമാണ്. 38,863 ചതുരശ്ര മീറ്റര്‍ ആണ് കേരളത്തില്‍ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കില്‍ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം വനം സംരക്ഷിക്കപ്പെടുകയും വേണം. നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ സരോജിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
വിസി നിയമനവുമായി ബന്ധപ്പെട്ട യുജിസി കരട് നിയമ ഭേദഗതിക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകുന്നതാണ് ഭേദഗതി. സര്‍വ്വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യുജിസി ഭേദഗതി നല്‍കുന്നത്.
വൈസ് ചാന്‍സിലറായി വേണ്ടപെട്ടവരെ കൊണ്ട് വരാനുള്ള വളഞ്ഞ വഴി ആണ് ഭേദഗതി. യുജിസി കരട് ചട്ടം പുനപരിശോധിക്കണം. ബിജെപി ഇതര സംസ്ഥാനങ്ങളായി യോജിച്ച് ഭേദഗതിയെ എതിര്‍ക്കുമെന്നും പിണറായി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.