'അന്‍വര്‍ എന്തും പറയുന്ന ആള്‍'; പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

'അന്‍വര്‍ എന്തും പറയുന്ന ആള്‍'; പ്രതിപക്ഷ നേതാവിനെതിരായ ആരോപണത്തില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം ഉന്നയിക്കാന്‍ തന്റെ ഓഫിസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയിലെ ഉന്നതര്‍ തനിക്കെതിരെ തിരിഞ്ഞുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി, അന്‍വറുമായി തെറ്റിയ കാര്യത്തില്‍ മാധ്യമങ്ങള്‍ തന്നെ ഗവേഷണം നടത്തി കാരണം കണ്ടുപിടിക്കൂവെന്നും പറഞ്ഞു. തന്റെ ഓഫീസ് ആ തരത്തില്‍ ഇടപെടുന്ന ഒരു ഓഫീസ് അല്ല. ഓഫീസിലുള്ള ആരും ഇടപെട്ടതിന്റെ ഭാഗമായി എന്ന് ഈ പറയുന്ന വ്യക്തി അന്നത്തെ നിയമസഭയില്‍ ഉന്നയിച്ചതുമല്ല. നിയമസഭയില്‍ ഉന്നയിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ താന്‍ കടക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി മാപ്പ് പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ ഉദേശിക്കുന്നുണ്ടാകും. അതിന് സഹായകമാകുമെങ്കില്‍ അത് നടക്കട്ടെ. അതിന് വേണ്ടി തന്റെ ഓഫീസിനെ ഉപയോഗിക്കേണ്ടതില്ല എന്നേയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നായിരുന്നു പി.വി അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചത്.

ധര്‍മടത്ത് താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. താന്‍ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്‍വറല്ല. അക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കും. താന്‍ ഒരു വിലയിരുത്തലിലേക്കും കടക്കുന്നില്ല. അന്‍വര്‍ എന്തും പറയുന്ന ആളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.