ടെല്‍ അവീവ്: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജി വെച്ചു.
ഒട്‌സ്മ യെഹൂദിത് പാര്‍ട്ടി നേതാവാണ് ഇറ്റാമര്‍. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി.
യുദ്ധത്തില്‍ ഇസ്രയേല്‍ സൈന്യം കൈവരിച്ച നേട്ടങ്ങള്‍ നിരാകരിക്കുന്നതിന് തുല്യമാണ് വെടിനിര്‍ത്തല്‍ കരാറെന്ന് ഒട്‌സ്മ യെഹൂദിത് പാര്‍ട്ടി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.
'ഈ നീക്കത്തെ അപലപിക്കുന്നു. ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി. നൂറുകണക്കിന് കൊലപാതകികളുടെ മോചനമാണ് ഇതുവഴി സംഭവിക്കുന്നത്'- വാര്‍ത്താ കുറിപ്പില്‍ യെഹൂദിത് പാര്‍ട്ടി കുറ്റപ്പെടുത്തി.
അതേസമയം നെതന്യാഹു സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. വെടിവനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ താന്‍ രാജിവയ്ക്കുമെന്ന് ഇറ്റാമര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറ്റാമര്‍ ബെന്‍ഗ്വിറിനെ കൂടാതെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളും രാജി സമര്‍പ്പിച്ചിട്ടുണ്ട്. ഒട്‌സ്മ യെഹൂദിത് പാര്‍ട്ടിയുടെ ആറ് അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. ഇതോടെ 120 അംഗ സഭയില്‍ നെതന്യാഹു സര്‍ക്കാരിന്റെ ഭൂരിപക്ഷം 68 ല്‍ നിന്ന് 62 ആയി കുറഞ്ഞു. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്.
ഇന്ന് വൈകുന്നേരത്തോടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ന് മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തു വിട്ടതോടെയാണ് കരാര്‍ നിലവില്‍ വന്നത്. ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും.
ഇതില്‍ മൂന്ന് പേരെയാണ് ഇന്ന് വിട്ടയയ്ക്കുന്നത്. ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായ വകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. ആദ്യ സംഘത്തില്‍ 95 പേരുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.