മത നിയമങ്ങളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാര്‍ക്ക് ബാധകം: മുനമ്പം ഭൂസംരക്ഷണ സമിതി

മത നിയമങ്ങളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാര്‍ക്ക് ബാധകം: മുനമ്പം ഭൂസംരക്ഷണ സമിതി

കൊച്ചി: മത നിയമങ്ങളല്ല, ഇന്ത്യന്‍ ഭരണഘടനയാണ് രാജ്യത്തെ പൗരന്മാര്‍ക്ക് ബാധകമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി. മുനമ്പം ജനത അനുഭവിക്കുന്ന പ്രശ്‌നം അതിര്‍ത്തി വിഷയമല്ല, വഖഫിന്റെ അന്യായമായ അധിനിവേശമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വഖഫ് ബോര്‍ഡിന്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിലായിരിക്കുകയാണ് തങ്ങളെന്നും സമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വഖഫ് ബോര്‍ഡിന്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിലായിരിക്കുന്ന ഞങ്ങളുടെ പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള റിലേ നിരാഹാര സമരം നൂറാം ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഈ അവസരത്തില്‍ വഖഫ് ബോര്‍ഡിന്റെ വ്യാജ അവകാശവാദം പിന്‍വലിച്ച് മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ സത്വരം പുനസ്ഥാപിക്കണമെന്നും ഇത്തരം അവകാശവാദങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമുള്ള പഴുതിട്ട് നിര്‍മിച്ചിട്ടുള്ള വഖഫ് നിയമം ഭേദഗതി ചെയ്ത് ഭരണഘടനയും ഇന്ത്യന്‍ മതേതരത്വവും സംരക്ഷിക്കണമെന്നും ഭൂസംരക്ഷണ സമിതി ശക്തമായി ആവശ്യപ്പെടുന്നു.

1. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേരളത്തില്‍നിന്നുള്ള എല്ലാ എം. പി. മാര്‍ക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കുന്നു. നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളില്‍ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ വരുത്തണമെന്നാണ് ഉള്ളടക്കം.

2. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്നതിനുള്ള തെളിവുകള്‍ അനിഷേധ്യങ്ങളാണ്. മുഖ്യതെളിവ് സിദ്ദിഖ് സേട്ടു 1950 ല്‍ എഴുതിയ ഡീഡ് തന്നെയാണ്. വഖഫ് എന്ന് എഴുതിയതു കൊണ്ട് മാത്രം ഒരു ആധാരം വഖഫാധാരമാകില്ല എന്ന് കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയും ജസ്റ്റിസ് ഖാലിദും 1980 ല്‍ ഹൈദ്രോസ് ആയിഷുമ്മ കേസില്‍ വിധി പറഞ്ഞിട്ടുണ്ട്. 2017 ല്‍ ഈ വിധിന്യായത്തെ ജസ്റ്റിസ് മുസ്താഖ് പരാമര്‍ശിച്ചിട്ടുമുണ്ട് (2017 ഗഒഇ 31, ുമൃമ 12).

വഖഫ് എന്ന ആശയത്തിനുതന്നെ നിരക്കാത്ത രണ്ടു വ്യവസ്ഥകള്‍ ആ രേഖയിലുള്ളത് വഖഫ് ബോര്‍ഡ് കണ്ടില്ലെന്നു നടിച്ചു. വസ്തുവില്‍പനയെ അനുകൂലിക്കുന്ന വാചകവും ചില പ്രത്യേക സാഹചര്യമുണ്ടായാല്‍ വസ്തു തന്റെ കുടുംബത്തിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയും ആ രേഖ വഖഫല്ല എന്നതിന്റെ വ്യക്തമായ തെളിവുകളാണ്.

3. പറവൂര്‍ സബ് കോടതി 12.9.1971 ല്‍ പുറപ്പെടുവിച്ച ഛ.ട ചീ: 53/1967 നമ്പര്‍ കേസ്സിലെ വിധിയില്‍ 'ടി' വസ്തുക്കളെ വഖഫായി പ്രഖ്യാപിച്ചു എന്ന തെറ്റായ വാദമുന്നയിച്ചാണ് വഖഫ് ബോര്‍ഡ് വസ്തുക്കള്‍ ഏറ്റെടുത്തുകൊണ്ടുള്ള അതിന്റെ 19.3.2019 ലെ ഉത്തരവ് പുറപ്പെടുവിച്ചത്. വെറും ഒരു ഇഞ്ചങ്ഷന്‍ സ്യൂട്ട് മാത്രമായ (പേജ് 11) ആ കേസിനെ വഖഫ് ഭൂമി വിധിയായി വ്യാഖ്യാനിക്കുന്നതില്‍പരം വിഡ്ഢിത്തമുണ്ടോ? ആ വിധിയിലെ 16-ാം പേജില്‍ 404.76 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഫാറൂഖ് കോളേജിനാണെന്ന പരാമര്‍ശമുണ്ട്. അതു വഖഫ് ഭൂമിയും ഫാറൂഖ് കോളേജ് അതിന്റെ മുത്തവല്ലിയും ആയിരുന്നെങ്കില്‍ ഫാറൂഖ് കോളേജിനെ എങ്ങനെ ഉടമസ്ഥനായി കരുതും?

1971 ല്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ ബഹു. ഹൈക്കോടതി പുറപ്പെടുവിച്ച 1975 ലെ വിധിയില്‍ വഖഫ് എന്ന വാക്കുപോലും ഒരിടത്തുമില്ല. മറിച്ച് ആറിടത്ത് വ്യക്തമായി കാണുന്നത് ഗിഫ്റ്റ് ഡീഡ് എന്നാണ്.

മുനമ്പം വഖഫ് ഭൂമിയാണെന്ന് കോടതികള്‍ നേരത്തേ വിധി പ്രസ്താവിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവല്ലേ 10.12.2024 ല്‍ ഉണ്ടായ ഹൈക്കോടതി വിധി? ഉടമസ്ഥാവകാശ തര്‍ക്കം സിവില്‍ കോടതിയില്‍ ഉന്നയിക്കാനല്ലേ കോടതി പരാതിക്കാരോട് പറഞ്ഞത്. തീര്‍പ്പു കല്‍പിക്കപ്പെട്ട വിഷയമായിരുന്നുവെങ്കില്‍ അത്തരത്തില്‍ ഒരു വിധി ഉണ്ടായതെങ്ങനെ?

4. ഇതിനിടയില്‍ വ്യാജ പ്രസ്താവനകളും ആരോപണങ്ങളുമായി ചിലര്‍ രംഗത്തിറങ്ങുന്നുണ്ട്. സ്ഥലവാസികളുടെ എതിര്‍പ്പു മൂലം 2009 ലെ സര്‍വേ പൂര്‍ത്തിയായിട്ടില്ല, ഭൂസംരക്ഷണ സമിതിയില്‍ 610 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുനമ്പത്ത് വേളാങ്കണ്ണി മാതാ ഇടവകാംഗങ്ങളായി തന്നെ നാനൂറോളം കുടുംബങ്ങളുണ്ട് എന്നീ വസ്തുതകള്‍ അവര്‍ മറച്ചുവയ്ക്കുന്നു.

ഫാറൂഖ് കോളേജിന്റെ ഉടമസ്ഥാവകാശത്തിലുണ്ടായിരുന്ന 18/1 ല്‍ പെട്ട ഭൂമി 114 ഏക്കര്‍ കരയും 60 ഏക്കര്‍ വെള്ളവുമാണ്. 1971 ലെ സബ്‌കോടതി വിധിയില്‍ കേസ് കോടതിയിലിരിക്കേ നടന്ന റീസര്‍വേയില്‍ 135 ഏക്കറിനുശേഷമുള്ള കര കടലെടുത്തുപോയതായി പരാമര്‍ശമുണ്ട് എന്ന വസ്തുത അവര്‍ തമസ്‌കരിക്കുന്നു.

5. ഡിജിറ്റല്‍ സര്‍വേക്കായുള്ള മുറവിളി ഇപ്പോള്‍ പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. സര്‍വേ നടത്താതെ ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുകയോ, വഖഫ് രജിസ്ട്രിയിലേക്ക് എഴുതിച്ചേര്‍ക്കുകയോ ചെയ്യുന്നത് അസാധുവാണ് എന്നതിനാല്‍, തങ്ങള്‍ ചെയ്ത നിയമവിരുദ്ധവും അസാധുവുമായ വഖഫ് പ്രഖ്യാപനത്തെ നിയമവല്‍കരിക്കാനുള്ള വഖഫ് ബോര്‍ഡിന്റെ ഗൂഢതന്ത്രങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം മുറവിളികളെ കാണാനാകൂ.

മുനമ്പം ജനത അനുഭവിക്കുന്ന പ്രശ്‌നം അതിര്‍ത്തി വിഷയമല്ല, വഖഫിന്റെ അന്യായമായ അധിനിവേശമാണ്. മുനമ്പം വഖഫല്ല എന്ന സത്യം അംഗീകരിക്കപ്പെട്ടതിനു ശേഷം കേരളം മുഴുവന്‍ നടത്തുന്ന ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമാകാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ എന്ന് ഇതിനാല്‍ അറിയിക്കുന്നു.

6. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിനു കീഴിലുള്ള വഖഫ് അസെറ്റ് മാനേജ്മെന്റ് സിസ്റ്റം ഓഫ് ഇന്ത്യയുടെ പോര്‍ട്ടലില്‍ കേരളത്തിലുള്ള 53297 സ്ഥലങ്ങളില്‍ വഖഫ് അവകാശവാദമുള്ളതായി കാണുന്നുണ്ട്. അതില്‍ 1186 സ്ഥലങ്ങളെക്കുറിച്ചു മാത്രമേ തല്‍സ്ഥിതി വിവരങ്ങള്‍ ലഭ്യമായുള്ളൂ. ബാക്കിയുള്ള 52,111 സ്ഥലങ്ങളെക്കുറിച്ച് മലയാളികള്‍ ആശങ്കയില്‍ കഴിയേണ്ട അവസ്ഥ ഇന്നുണ്ട്. ആ ആശങ്ക നീക്കാനുള്ള ബാധ്യത കേരള വഖഫ് ബോര്‍ഡിനുണ്ട് എന്നും ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

ഭൂസംരക്ഷണ സമിതിക്ക് വേണ്ടി

സെബാസ്റ്റ്യന്‍ റോക്കി (ചെയര്‍മാന്‍)
ജോസഫ് ബെന്നി (കണ്‍വീനര്‍)
ഫാ. ജോഷി മയ്യാറ്റില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.