കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറി ഭക്ഷിക്കാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ഭരണ നേതൃത്വങ്ങള്‍ മനുഷ്യ മൃഗങ്ങള്‍ക്ക് തുല്യരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നുവെന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാത്ത ഭരണാധികാരികളെ ഈ നാടിന് ആവശ്യമില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി സി സെബാസ്റ്റ്യന്‍.
രാജ്യത്തെ നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. മൃഗങ്ങളെ സംരക്ഷിക്കുവാന്‍ നിയമം നിര്‍മിച്ചവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളെ സംരക്ഷിക്കുവാന്‍ വകുപ്പുകളില്ലെന്നുള്ള വാദം ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.
മൃഗങ്ങള്‍ മനുഷ്യനെ കടിച്ച് വലിച്ചു കീറി കൊല ചെയ്യുമ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി നിയമം കൈയിലെടുത്ത് ജനപ്രതിനിധികളെ തെരുവില്‍ തടയേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. സ്വന്തം ജനസമൂഹത്തിന് സംരക്ഷണ കവചം ഒരുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന വിരോധാഭാസം വിലപ്പോവില്ല.
അതിരൂക്ഷമായ വന്യജീവി അക്രമം സൃഷ്ടിക്കുന്ന അരാജകത്വവും ഭീതിയും മലയോര ജനജീവിതം സ്തംഭിപ്പിച്ചിരിക്കുന്നു. വനവല്‍ക്കരണത്തിന് വേണ്ടി ജനങ്ങളെ കുരുതി കൊടുക്കുന്ന വനം വകുപ്പിന് കുടപിടിക്കുന്നവരായി ജനപ്രതിനിധികള്‍ പോലും അധപതിച്ചിരിക്കുന്നത് ഇവരുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ അടിമത്തത്തിന്റെ ഉദാഹരണമാണ്.
മനുഷ്യജീവന് പുല്ലുവില കല്‍പിക്കാതെ അതിക്രൂര മരണത്തിലേക്ക് തള്ളിവിടുന്ന ഭരണ സംവിധാനങ്ങളെ കൊലപാതകക്കുറ്റം ചുമത്തി പ്രതികളാക്കി ശിക്ഷിക്കുവാന്‍ ജനകീയ കോടതികള്‍ സ്വയം മുന്നോട്ടു വരണമെന്നും വന്യജീവി അക്രമ കൊലപാതകങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.