വിവാഹ പ്രായം 21; ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് തുടങ്ങിയവ ചെറുക്കും: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍

വിവാഹ പ്രായം 21; ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് തുടങ്ങിയവ ചെറുക്കും: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡ് അംഗീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി യുസിസി പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

'എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശം നല്‍കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്നും ഇത് നടപ്പാക്കുന്നതോടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും ധാമി പറഞ്ഞു. നിക്കാഹ് ഹലാല, ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തലാക്കാനാവും.

ഭരണഘടനയുടെ 342-ാം അനുച്ഛേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പട്ടികജാതി വിഭാഗങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കാനാകും. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും വിഭാഗത്തിനും എതിരല്ല. ആരെയും ലക്ഷ്യം വയ്ക്കുന്ന പ്രശ്‌നവുമില്ല'- മുഖ്യമന്ത്രി പറഞ്ഞു.

മതത്തിന്റെ വേര്‍തിരുവുകളില്ലാതെ എല്ലാ പൗരന്മാര്‍ക്കും ഏകീകൃത വിവാഹം, വിവാഹ മോചനം, സ്വത്ത്, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ ഉറപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് അഥവാ യൂണിഫോം സിവില്‍ കോഡാണ് ഇന്ന് ഉത്തരാഖണ്ഡില്‍ നിലവില്‍ വന്നത്. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

2022 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. മതാചാര പ്രകാരം വിവാഹം കഴിഞ്ഞാലും യുസിസി പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുക എന്നത് ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിയമമാണ്.

ഏകീകൃത സിവില്‍ കോഡ് പ്രകാരം പുരുഷന്റെയും സ്ത്രീയുടെയും വിവാഹ പ്രായം 21 വയസായിരിക്കും. വിവാഹത്തിന് മുമ്പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ മൂന്ന് മാസത്തേക്ക് ജയില്‍ തടവോ 25,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. രജിസ്‌ട്രേഷനില്‍ ഒരു മാസത്തെ കാല താമസമുണ്ടായാല്‍ പോലും മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.

ലിവിങ് റിലേഷനില്‍ ഏര്‍പ്പെടുന്നവരും യുസിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തപക്ഷം തടവ് ശിക്ഷയുള്‍പ്പെടെ നിയമം വ്യവസ്ഥ ചെയ്യുന്നു. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവയ്ക്ക് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുന്നു, വിവാഹ മോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് സിവില്‍ കോഡിലെ മറ്റ് ചില പ്രധാന ഘടകങ്ങള്‍. അതേസമയം ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്.

ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുമ്പോഴോ വിവാഹ മോചനം നേടുമ്പോഴോ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ പിന്തുടരുന്ന നിക്കാഹ് ഹലാലയും ഇദ്ദത്തും ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ യൂണിഫോം സിവില്‍ കോഡ് നിരോധിക്കുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. നാല് സെക്ഷനുകളിലായി 182 പേജാണ് നിയമത്തിനുള്ളത്.

അതേസമയം യുസിസിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. വര്‍ഗീയ വിഭജനമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യുസിസി നടപ്പാക്കുക അസാധ്യമാണെന്നും മതാടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും യുസിസി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം ബിജെപി ഇനി സജീവമാക്കിയേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.