ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.
മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്പെഷ്യല്‍ ബ്രാഞ്ചിലാണെന്നും ഇനി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നാണ് പ്രതി കോടതിയോട് പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്.
എന്നാല്‍ തനിക്ക് ചില കാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തു കഴിഞ്ഞു എന്നായിരുന്നു ചെന്താമരയുടെ ഭാഷ്യം.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്റ്റേഷനില്‍ നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റും.
പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായാണ് ചെന്താമര കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്കു മുന്‍പ് കൊടുവാള്‍ വാങ്ങി. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് പോലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.