ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ കേസില്‍ തര്‍ക്കത്തിലുള്ള ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കാനും ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും സുപ്രീം കോടതി രൂപം നല്‍കി.
പള്ളി ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് സാധിക്കുമോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി. മത വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തില്‍ ഹൈക്കോടതി നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ പൊതുതാല്‍പര്യത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്.
ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കുമ്പോള്‍ എല്ലാ വിഷയങ്ങളും പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഉത്തരവ് നടപ്പാക്കാനുള്ള പ്രായോഗിക വഴികള്‍ ഹൈക്കോടതി കണ്ടെത്തണം. ഉത്തരവ് പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തര്‍ക്കത്തിലുളള ആറ് പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയോട് നിര്‍ദേശിച്ചത്.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി.
ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.കെ. വേണുഗോപാല്‍, സി.യു. സിങ്, കൃഷ്ണന്‍ വേണുഗോപാല്‍, ഇ.എം.എസ് അനാം എന്നിവര്‍ ഹാജരായി. യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍, അഭിഭാഷകരായ പി.കെ. മനോഹര്‍, എ. രഘുനാഥ് എന്നിവരാണ് ഹാജരായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.