പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് ട്രംപ്; അതിക്രൂരമായ തീരുമാനമെന്ന് ക്യൂബ

പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് ട്രംപ്; അതിക്രൂരമായ തീരുമാനമെന്ന് ക്യൂബ

വാഷിങ്ടണ്‍: അമേരിക്കയില്‍ പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകള്‍ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ കഴിയും വിധം തടവറ വിപുലീകരിക്കാനാണ് നിര്‍ദേശം.

9/11 ആക്രമണത്തിന് ശേഷം ഭീകരവാദ കേസുകളിലെ പ്രതികളെ തടവിലാക്കിയ കുപ്രസിദ്ധ ജയിലാണ് ഗ്വാണ്ടനാമോ. ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബയുടെ പ്രതികരണം.

ജനുവരി 20 ന് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ചിക്കാഗോ, ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ലോസ് ആഞ്ചല്‍സ് എന്നിവടങ്ങളില്‍ കുടിയേറ്റക്കാര്‍ക്കായി പലവട്ടം റെയ്ഡുകള്‍ നടന്നു.

'പിടിയിലാകുന്നവരില്‍ ചിലര്‍ വളരെ മോശം ആളുകളാണ്. അവരുടെ സ്വന്തം രാജ്യങ്ങള്‍ പോലും അവരെ സ്വീകരിക്കാന്‍ തയ്യാറാകില്ല. അതുകൊണ്ടാണ് ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്' - ട്രംപ് പറഞ്ഞു.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പുറത്തു വിടുന്ന കണക്കുകള്‍ പ്രകാരം നിരവധി അനധികൃത കുടിയേറ്റക്കാര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ആദ്യ ദിവസങ്ങളില്‍ പിടിയിലായവരെ സൈനിക വിമാനത്തില്‍ നാടുകടത്തുകയായിരുന്നു ചെയ്തിരുന്നത്.

ഇവരെ നാടുകടത്തുന്നത് വിലങ്ങണിയിച്ചാണന്ന് ആരോപണമുണ്ടായിരുന്നു. അനധികൃത കുടിയേറ്റക്കാരുമായി ബ്രസീലിലെ മനൗസില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളില്‍ വിലങ്ങുണ്ടായിരുന്നു. ഇതറിഞ്ഞ ഉടന്‍ കൈവിലങ്ങുകള്‍ നീക്കം ചെയ്യാന്‍ യു.എസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബ്രസീല്‍ നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

തുടര്‍ന്ന് അമേരിക്കയെ ബ്രസീല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കയില്‍ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ട്രംപ് ഭരണകൂടം അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.