ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും സമാനമായ ഇന്ത്യന്‍ എ.ഐ ഉടനെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്

ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും സമാനമായ ഇന്ത്യന്‍ എ.ഐ ഉടനെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) വികസിപ്പിച്ച് നിര്‍മ്മിത ബുദ്ധി (എ.ഐ) മേഖലയില്‍ വലിയ മുന്നേറ്റത്തിനൊരുങ്ങുകയാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. പത്ത് മാസത്തിനകം ചാറ്റ് ജിപിടിക്കും ചൈനീസ് എ.ഐ മോഡലായ ഡീപ്സീക്കിനും സമാനമായ ഇന്ത്യയുടെ എ.ഐ. എല്‍.എല്‍.എം. അവതരിക്കുമെന്നും മന്ത്രി പറഞ്ഞു.


'കഴിഞ്ഞ ഒന്നര വര്‍ഷമായി നമ്മുടെയാളുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷകര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഇന്ന്, നമ്മുടെ സ്വന്തം മൗലികമായ ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചോദിക്കുകയാണ്. ഇന്ത്യയുടെ പശ്ചാത്തലം, ഭാഷ, സംസ്‌കാരം എന്നിവയെല്ലാം പരിഗണിക്കുന്ന മോഡലാകും ഇത്. ഇത് പക്ഷപാതങ്ങളില്ലാത്തതാകും'- ഉത്കര്‍ഷ് ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കവെ പറഞ്ഞു.

ഇന്ത്യയുടെ എ.ഐ സ്വപ്നങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ വലിയ പിന്തുണയുണ്ട്. പതിനായിരം ജി.പി.യുകള്‍ സ്വന്തമാക്കുക എന്ന പ്രാരംഭ ലക്ഷ്യം നമ്മള്‍ മറികടന്നു. ഇപ്പോള്‍ രാജ്യത്തിനാകെ 18,600 ജി.പി.യുകളാണുള്ളത്. എ.ഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ഈ അത്യാധുനിക കമ്പ്യൂട്ടിങ് ശക്തി നിര്‍ണായകമാകും.

ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള എന്‍വിഡിയയുടെ എച്ച് 100, എച്ച് 200 എന്നിവയാണ് നമ്മുടെ ഭൂരിഭാഗം ജി.പി.യുകളും. ഒപ്പം എഎംഡിയുടെ എം.ഐ 325 ജി.പി.യുകളുമുണ്ട്. താരതമ്യം ചെയ്ത് പറയുകയാണെങ്കില്‍, ഡീപ്സീക് 2,500 ജി.പി.യുകള്‍ ഉപയോഗിച്ച് പരിശീലനം നേടിയപ്പോള്‍ ചാറ്റ് ജി.പി.ടി. 25,000 എണ്ണമാണ് ഇതിനുപയോഗിച്ചത്.

അതേസമയം ഇന്ത്യ 15,000 ത്തിലേറെ ഹൈ-എന്‍ഡ് ജി.പി.യുകളാണ് ഇതേ കാര്യത്തിനായി ഉപയോഗിക്കുന്നത്. ഇത് എ.ഐ മത്സരത്തില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇന്ത്യയുടെ തദ്ദേശീയമായ എ.ഐ മോഡലുകളുടെ ആദ്യ പതിപ്പുകള്‍ നാല് മുതല്‍ പത്ത് മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങളെ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് ഈ മോഡല്‍ വിഭാവനം ചെയ്തിരിക്കുന്നത്.

എ.ഐ. മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ വലിയൊരു നാഴികക്കല്ലാകും ഇതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.