തട്ടിപ്പ് സംഘം രാജ്യത്ത് നിന്ന് കടത്തിയത് 1,651.7 കോടി രൂപ!
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി വിവിധ വാടക അക്കൗണ്ടുകളില്‍ എത്തുന്ന പണം സമാഹരിക്കുന്നത് എറണാകുളം നഗരത്തിലെ ഒരു സ്വകാര്യ ബാങ്കിലാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലോണ്‍ തട്ടിപ്പ് കൂടാതെ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഗെയിമിങ്, ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയവ വഴിയും ഈ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള പല ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് സിങ്കപ്പൂരിലെ ചില കടലാസ് കമ്പനികളിലേക്ക് രാജ്യത്ത് നിന്ന് 1,651.7 കോടി രൂപ കടത്തിയതായി ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
സോഫ്റ്റ് വെയര്‍ ഇറക്കുമതി, ഡിജിറ്റല്‍ സര്‍വീസുകള്‍, ട്രാവല്‍ സര്‍വീസുകള്‍ എന്നിവയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കി പണം സിങ്കപ്പൂര്‍ കമ്പനികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാണ് തട്ടിപ്പുകാര്‍ രാജ്യത്തു നിന്ന് ഇത്രയധികം പണം കടത്തിയത്.
ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ വ്യാഴാഴ്ച ഇ.ഡി കൊച്ചിയില്‍ ഇന്ന് അറസ്റ്റു ചെയ്തിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ണായക വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ പത്ത് സൈബര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ചെന്നെ സ്വദേശികളായ നാല് പേരെ ഇ.ഡി അറസ്റ്റ് ചെയ്തത്. കതിരവന്‍ രവി, ഡാനിയേല്‍ സെല്‍വകുമാര്‍, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരാണ് അറസ്റ്രിലായത്. ഇതില്‍ കതിരവന്റെ അക്കൗണ്ടിലൂടെ മാത്രം 100 കോടിയിലേറെ രൂപ കൈമാറിയിട്ടുണ്ട്.
വാട്ട്സ്ആപ്പ് വഴിയാണ് പ്രധാനമായും തട്ടിപ്പുകാര്‍ ഇരയാക്കപ്പെട്ടവരുമായി ബന്ധപ്പെടുന്നത്. ലോണ്‍ ലഭിക്കുന്നതിനായി ഒരു പ്രത്യേക ആപ്പ് ഉപയോക്താക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇവ ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ ലഭ്യമായിരിക്കില്ല. വാട്ട്സ്ആപ്പ് വഴി എപികെ ഫയലായോ ലിങ്കായോ ആകും ഇവ അയച്ചു തരിക. മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളാകും ഇതിനായി ഉപയോഗിക്കുന്നത്.
ലോണ്‍ ലഭിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്നു. ഫോണിലെ കോണ്‍ടാക്ടുകളും ഫോട്ടോകളുമെല്ലാം തട്ടിപ്പുകാരുടെ കയ്യിലെത്തും. പിന്നീട് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും മറ്റും ഭീഷണിപ്പെടുത്തി വലിയ തുക തട്ടിയെടുക്കുക എന്നതാണ് രീതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.