സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഓംഡുർമാനിലെ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 56 പേർ കൊല്ലപ്പെട്ടു

സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം; ഓംഡുർമാനിലെ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 56 പേർ കൊല്ലപ്പെട്ടു

ഖാർത്തും: സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. ഓംഡുർമാൻ മാർക്കറ്റിലുണ്ടായ ഷെല്ലാക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു. 158 പേർക്ക് പരിക്കേറ്റു. റാപിഡ് സപ്പോർട്ട് ഫോഴ്സിന് (ആർഎസ്എഫ്) സ്വാധീനമുള്ള പടിഞ്ഞാറൻ ഓംഡുർമാൻ പ്രദേശത്ത് നിന്നാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാജ്യത്ത് റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സുഡാൻ സൈന്യവും തമ്മിലുള്ള ആക്രമണം ശക്തമാകുകയാണ്.

ആക്രമണത്തിൽ ആർഎസ്എഫിൽ നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ആക്രമണത്തെ അപലപിച്ചുകൊണ്ട് സാംസ്കാരിക മന്ത്രിയും സർക്കാർ വക്താവുമായ ഖാലിദ് അൽ-അലീസിർ രംഗത്തെത്തി. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നെന്ന് ഖാലിദ് അൽ-അലീസിർ പറഞ്ഞു.

"ഇപ്പോൾ നടന്നിരിക്കുന്ന ആക്രമണം ഈ സൈന്യത്തിൻ്റെ രക്തരൂക്ഷിതമായ മറ്റൊരു ആക്രമണമായി റെക്കോർഡ് ചെയ്യപ്പെടും. ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ നഗ്നമായ ലംഘനമാണ്," സർക്കാർ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

2023 ഏപ്രിലിലാണ് വംശീയ കലാപങ്ങൾ തുടർകഥയായ സുഡാനിൽ, ഇത്രയധികം അരക്ഷിതാവസ്ഥയുണ്ടാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാൻ സെെന്യമായ സുഡാനീസ് ആർമ്ഡ് ഫോഴ്സ് (എസ്എഎഫ്) തലവന്‍- അബ്ദുള്‍ ഫത്താഹ് അൽ-ബുർഹാനും അർധ സെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് തലവന്‍ ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള വർഷങ്ങൾ നീണ്ട അധികാര പോരാട്ടത്തിന്‍റെ ഫലമാണ് ഈ യുദ്ധം.

ഇതുവരെ 20,000 ലധികം പേർ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ സന്നദ്ധസംഘടകള്‍ പുറത്തുവിട്ട മരണസംഖ്യ 40,000 ത്തോളമാണ്. യുഎൻ റിപ്പോർട്ട് പ്രകാരം സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന 2.5 കോടി പേരെ യുദ്ധം നേരിട്ട് ബാധിച്ചു. 40 ലക്ഷം കുട്ടികളടക്കം 90 ലക്ഷത്തിനടുത്ത് സുഡാനി ജനത കുടിയൊഴിക്കപ്പെട്ടു. കടുത്ത ഭക്ഷ്യക്ഷാമത്തിന് പുറമെ ചികിത്സാ സംവിധാനങ്ങളില്ലാതെ വലയുന്നത് നാല് കോടിയോളം ജനങ്ങളാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.