റഹീമിന്റെ മോചനം ഇനിയും അകലെ; ഏഴാം തവണയും കേസ് മാറ്റിവച്ചു

റഹീമിന്റെ മോചനം ഇനിയും അകലെ; ഏഴാം തവണയും കേസ് മാറ്റിവച്ചു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനക്കേസ് വീണ്ടും മാറ്റിവച്ചു. തുടര്‍ച്ചയായ ഏഴാം തവണയാണ് റിയാദ് ക്രിമിനല്‍ കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് മാറ്റിവയ്ക്കുന്നത്. കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജിയില്‍ കേസ് പരിഗണിച്ച റിയാദ് കോടതിയിലെ ഡിവിഷന്‍ ബെഞ്ച് ഇന്നും വിധി പറയാതെ മാറ്റിവയ്ക്കുകയായിരുന്നു.

മാറ്റിവച്ചതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. കേസ് പരിഗണിക്കുന്ന തിയതി പിന്നീട് അറിയിക്കും. സൂക്ഷ്മ പരിശോധനയ്ക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 15ന് ഹര്‍ജിയില്‍ വിധി പറയാതിരുന്നത്. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം ഏഴ് തവണ റഹീമിന്റെ മോചന ഹര്‍ജി കോടതി പരിഗണിച്ചിരുന്നു. ഓരോ തവണയും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റിവെക്കപ്പെട്ടു.

2006 ല്‍ ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതകകേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ജയില്‍ ജീവിതം അനുഭവിക്കുകയായിരുന്നു റഹീം. ഒടുവില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ സ്വരൂപിച്ച 34 കോടി രൂപ ദയാധനമായി സമര്‍പ്പിച്ചതോടെയാണ് മോചനത്തിന് വഴിതെളിഞ്ഞത്.

കൊല്ലപ്പെട്ട ബാലന്റെ കുടുംബം ദയാധനം കൈപ്പറ്റി മാപ്പ് നല്‍കി. റിയാദ് കോടതിയാണ് ഇനി മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.