തലപ്പൊക്ക മത്സരം പാടില്ല, പാപ്പാന്‍മാര്‍ മദ്യപിച്ചാല്‍ പിടിവീഴും; ആന എഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തലപ്പൊക്ക മത്സരം പാടില്ല, പാപ്പാന്‍മാര്‍ മദ്യപിച്ചാല്‍ പിടിവീഴും; ആന എഴുന്നള്ളിപ്പിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

കൊച്ചി: എറണാകുളം ജില്ലയില്‍ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആന എഴുന്നള്ളിപ്പിനുള്ള നിര്‍ദേശങ്ങള്‍ പുറത്ത്. ആന എഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിനിടെ പാപ്പാന്മാര്‍ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാന്‍ ജില്ല പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എഴുന്നള്ളിപ്പുകളില്‍ ആനകള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റര്‍ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.

ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകളുടെ അടുത്ത് നിന്ന് ജനങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഏറ്റവും കുറഞ്ഞത് മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കള്‍ കൊണ്ട് വേര്‍തിരിക്കണമെന്നും തീരുമാനിച്ചു. നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്തുവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും ക്ഷേത്രം ഭാരവാഹികളെ ബോധ്യപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.