ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അടുപ്പം; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അടുപ്പം; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രി

കൊച്ചി: പൊതു പ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാന നിമിഷം.

കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച. ഓസ്ട്രേലിയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മമ്മൂട്ടിയെ കാണാനെത്തിയ ജിന്‍സന്‍ തന്റെ പ്രിയ താരത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക കത്ത് ജിന്‍സണ്‍ മമ്മൂട്ടിക്ക് കൈമാറി.

സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം മമ്മൂട്ടി ഹൃദയപൂര്‍വം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയ ജിന്‍സനെ മമ്മൂട്ടി അഭിനന്ദിച്ചു.

വര്‍ഷങ്ങളോളം മമ്മൂട്ടിയുടെ കാരുണ്യദൗത്യങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന ജിന്‍സണ്‍ കാണാനെത്തിയപ്പോള്‍ മമ്മൂട്ടി ചുറ്റും നിന്നവരോട് പറഞ്ഞു: 'നമ്മുടെ ഫാന്‍സിന്റെ പഴയ ആളാ...' കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടിലുണ്ടായിരുന്ന കോട്ടയം പാലാ സ്വദേശിയായ ജിന്‍സണ്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന ദിവസമാണ് മമ്മൂട്ടിയെ കാണാനെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.