ഇന്ത്യയിലെ ആയുര്‍വേദ ഡോക്ടറായ ആദ്യ കന്യാസ്ത്രീ: എണ്‍പതിലും സിസ്റ്റര്‍ ഡോ.ഡൊണാറ്റയ്ക്ക് വിശ്രമമില്ല

ഇന്ത്യയിലെ ആയുര്‍വേദ ഡോക്ടറായ ആദ്യ കന്യാസ്ത്രീ: എണ്‍പതിലും സിസ്റ്റര്‍ ഡോ.ഡൊണാറ്റയ്ക്ക് വിശ്രമമില്ല

തൃശൂര്‍: ഇന്ത്യയിലെ ആദ്യ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണാറ്റ എണ്‍പതാം വയസിലും തിരക്കിലാണ്. രാമവര്‍മ്മപുരത്ത് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി ആയുര്‍വേദ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് സിസ്റ്റര്‍ ഡോ. ഡൊണാറ്റ. രോഗികളെ പരിശോധിക്കല്‍, മരുന്ന് കുറിക്കല്‍, മരുന്നു ഗവേഷണം എല്ലാം സിസ്റ്ററുടെ പതിവ് ദിനചര്യകളാണ്.

കോവിഡ് കാലത്ത് സിസ്റ്റര്‍ ഡൊണാറ്റയുടെ ഗവേഷണത്തിലൂടെ തയ്യാറാക്കിയ ഔഷധ ചായയായ 'ഡോണാ ടീ' നിരവധി രോഗികള്‍ക്കാണ് ആശ്വാസമായത്. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി, തുളസി, ആടലോടകം, പനിക്കൂര്‍ക്ക, മാവ്, പേര, കറിവേപ്പ്, തേയിലപ്പൊടി, ശര്‍ക്കര എന്നിവയെല്ലാം ചേര്‍ത്ത് തിളപ്പിച്ചാണ് 'ഡോണാ ടീ' ഒരുക്കിയത്.

'ഡോണാ ടീ' കുടിച്ച കോവിഡ് രോഗികളിലടക്കം പഠനം നടത്താന്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ഗവേഷണ വിഭാഗം പ്രൊജക്ടും തയ്യാറാക്കി. എയ്ഡ്സ്, കാന്‍സര്‍ രോഗികളില്‍ രസായന ചികിത്സയും നടത്തിയിരുന്നു.

രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും റേഡിയേഷന്റെ പാര്‍ശ്വഫലം കുറയ്ക്കാനും ച്യവന പ്രാശങ്ങളിലൂടെയും മറ്റും കഴിഞ്ഞുവെന്ന് ഡോക്ടര്‍ പറയുന്നു. നാല് പതിറ്റായി രസായന ഔഷധം കഴിക്കുന്ന എയ്ഡ്സ് രോഗിയും കൂട്ടത്തിലുണ്ട്. പുതിയ കോശങ്ങളുടെ നിര്‍മ്മാണം അതിവേഗത്തിലാക്കാനുള്ള രസായനങ്ങളുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം വേണമെന്നാണ് സിസ്റ്ററിന്റെ അഭിപ്രായം.

മുണ്ടൂര്‍ ആറംപിള്ളി പുത്തൂര്‍ കുടുംബാംഗമാണ് സിസ്റ്റര്‍ ഡൊണാറ്റ. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയില്‍ കന്യാസ്ത്രീയായ ശേഷം ആയുര്‍വേദത്തോടുള്ള ഇഷ്ടം മൂലം തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ ഡി.എ.എമ്മിന് ചേര്‍ന്നു. ആദ്യ വര്‍ഷം റാങ്ക് നേടിയ ശേഷം തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ നിന്ന് ബി.എ.എമ്മിന് ചേര്‍ന്നു.

ആദ്യമൂന്ന് വര്‍ഷവും റാങ്ക് നേടി. തുടര്‍ന്ന് പഞ്ചകര്‍മ്മയില്‍ എം.ഡി പാസായി. അമല മെഡിക്കല്‍ കോളജ്, ഹിമാലയത്തിലെ ഗഡുവാള്‍, പാലക്കാട് പാലന എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. പത്ത് വര്‍ഷത്തോളമായി ജൂബിലി മിഷന്‍ ആശുപത്രിയിലാണ് സേവനം. എഎംഎഐ, പൂമുള്ളി സ്മാരകം, തൃശൂര്‍ അതിരൂപത എന്നിവയുടെ പുരസ്‌കാരങ്ങള്‍ സിസ്റ്റര്‍ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.