ന്യൂഡല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായ നികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു.
ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയതിന് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. കരട് നിയമം സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ധനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.
അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിര്‍ദ്ദിഷ്ട പാനലിന്റെ ഘടനയും ചട്ടങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാനും ധനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.
നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 ആണ് അവതരിപ്പിച്ചത്. 1961 ലെ ആദായ നികുതി നിയമത്തിന് പകരമായാണ് പുതിയ ബില്‍ കൊണ്ടു വന്നത്.
961 ലെ ആദായ നികുതി നിയമത്തില്‍ പറയുന്ന 'മുന്‍ വര്‍ഷം' (previous year) എന്ന പദത്തിന് പകരം 'നികുതി വര്‍ഷം' (tax year) എന്ന പദമാണ് പുതിയ ബില്ലില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ അസസ്‌മെന്റ് വര്‍ഷം എന്ന പദവും ഒഴിവാക്കിയിട്ടുണ്ട്.
ഉദാഹരണമായി മുന്‍ വര്‍ഷമായ 2023-24 ല്‍ നേടിയ വരുമാനത്തിന് അസസ്‌മെന്റ് വര്‍ഷമായ 2024-25 ല്‍ നികുതി അടയ്ക്കുന്നതാണ് തുടരുന്ന രീതി. എന്നാല്‍ പുതിയ ബില്ലില്‍ ഈ രണ്ട് പദ പ്രയോഗങ്ങളും ഒഴിവാക്കി നികുതി വര്‍ഷമെന്നാണ് ചേര്‍ത്തിട്ടുള്ളത്.
1961 ലെ ആദായ നികുതി നിയമത്തില്‍ 298 വകുപ്പുകളാണ് ഉള്ളത്. എന്നാല്‍ പുതിയ ബില്ലില്‍ വകുപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ട്. നിലവിലുള്ള നിയമത്തില്‍ 14 ഷെഡ്യൂളുകള്‍ ഉണ്ട്. അത് പുതിയ ബില്ലില്‍ 16 ആയി വര്‍ധിക്കും.
അധ്യായങ്ങളുടെ എണ്ണം 23 ല്‍ നിലനിര്‍ത്തി. നിലവിലെ നിയമത്തില്‍ 52 അധ്യായങ്ങളുണ്ട്. എന്നാല്‍ പേജുകളുടെ എണ്ണം 622 ആയി കുറച്ചു. നിലവിലെ നിയമത്തില്‍ 880 പേജുകള്‍ ഉണ്ട്.
നടപ്പ് സമ്മേളന കാലയളവില്‍ തന്നെ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.