ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാടുകടത്തിയതില്‍ ട്രംപിനെ രോഷം അറിയിക്കുമോ?.. മോഡിയോട് ചോദ്യവുമായി കോണ്‍ഗ്രസ്

ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാടുകടത്തിയതില്‍ ട്രംപിനെ രോഷം അറിയിക്കുമോ?.. മോഡിയോട് ചോദ്യവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇന്ത്യക്കാരെ മനുഷ്യത്വ രഹിതമായി നാടുകടത്തിയതില്‍ രാജ്യത്തിന്റെ രോഷം അറിയിക്കുമോ എന്ന് കോണ്‍ഗ്രസ്.

ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാന്‍ ഇന്ത്യ സ്വന്തം വിമാനങ്ങള്‍ അയക്കുമോ എന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, എച്ച് വണ്‍ ബി വിസ, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം എന്നിവയില്‍ മോഡി എന്ത് നിലപാട് എടുക്കുമെന്നറിയാന്‍ കാത്തിരിക്കുന്നു എന്നും വ്യക്തമാക്കി.

രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി വാഷിങ്ടണിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് ട്രംപുമായി മോഡിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കും. ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാള്‍ഡ് ട്രംപിനെ മോഡി ഇന്ത്യയിലേക്ക് ക്ഷണിക്കും.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് പ്രധാനമന്ത്രിയും സംഘവും താമസിക്കുന്നത്. മോഡിക്ക് ഊഷ്മള വരവേല്‍പ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയര്‍ ഹൗസിന് മുന്നില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.

സന്ദര്‍ശനത്തിനിടെ മോഡി ഇലോണ്‍ മസ്‌കുമായും കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ് ബാന്‍ഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ തയ്യാറാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.