കൊച്ചി: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പണം നല്‍കിയവരുടെ വീടുകളിലും ഓഫീസുകളിലും അടക്കമാണ് പരിശോധന. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്ന ആനന്ദകുമാറിന്റെയും, അനന്തു കൃഷ്ണന്റെ ലീഗല്‍ അഡൈ്വസറായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും അടക്കമാണ് പരിശോധന നടത്തുന്നത്.
ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ ഡ്രൈവിലെ ആര്‍മി ഫ്ളാറ്റിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. അനന്തു കൃഷ്ണനില്‍ നിന്നും 45 ലക്ഷം രൂപ ലാലി വിന്‍സെന്റ് വാങ്ങിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പാതിവില തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും, അനന്തുവില്‍ നിന്നും താന്‍ വാങ്ങിയത് വക്കീല്‍ ഫീസ് ആണെന്നുമായിരുന്നു ലാലി വിന്‍സെന്റ് വിശദീകരിച്ചിരുന്നത്. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലി വിന്‍സെന്റും പ്രതിയാണ്.
ആനന്ദകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് പരിശോധന. സായി ഗ്രാം ഓഫീസുകളിലും റെയ്ഡ് നടത്തുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്. പാതി വില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കോളപ്രയിലെ ഓഫീസിലും വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് അനന്തു കൃഷ്ണന്‍ പാതിവില തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് നിഗമനം.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കൊച്ചിയില്‍ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.