'2024 വൈആര്‍ 4' ഛിന്ന ഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യത; ഇപ്പോള്‍ ഭയപ്പെടാനില്ലെന്നും നാസ

'2024 വൈആര്‍ 4' ഛിന്ന ഗ്രഹം ഭൂമിയില്‍ പതിക്കാന്‍ സാധ്യത; ഇപ്പോള്‍ ഭയപ്പെടാനില്ലെന്നും നാസ

വാഷിങ്ടണ്‍: ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹമായ '2024 വൈആര്‍ 4'നെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് നാസ. എന്നാല്‍ ഇപ്പോള്‍ ഭയപ്പെടാനില്ലെന്നും 2032 ഡിസംബറിലാണ് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയെന്നും നാസ വ്യക്തമാക്കി. ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

130 മുതല്‍ 300 അടി വരെ വീതി കണക്കാക്കുന്ന '2024 വൈആര്‍ 4', ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ പതിച്ചാല്‍ കാര്യമായ നാശമുണ്ടാക്കും. നാസയുടെ റിപ്പോര്‍ട്ടില്‍ ഛിന്നഗ്രഹത്തിന്റെ പതിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ കിഴക്കന്‍ പസഫിക്, അറ്റ്ലാന്റിക് സമുദ്രം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, തെക്കേ അമേരിക്ക, ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ടോറിനോ സ്‌കെയില്‍ എന്ന് വിളിക്കുന്ന അളവുകോല്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണി തരം തിരിക്കുന്നത്. ഇതനുസരിച്ച് 10 ല്‍ മൂന്ന് ആണ് '2024 വൈആര്‍ 4' ഉയര്‍ത്തുന്ന ഭീഷണി.

ജ്യോതിശാസ്ത്രപരമായി ഛിന്നഗ്രഹം പതിച്ചാലുണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍. ഇതിന്റെ ആഘാതം 50 കിലോമീറ്റര്‍ ചുറ്റളവില്‍ നാശത്തിന് കാരണമാകുമെന്നും ഒരു ആണവ സ്ഫോടനത്തിന് തുല്യമാകുമെന്നും കരുതപ്പെടുന്നു.

2032 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2.02 ജിഎംടി (ഇന്ത്യന്‍ സമയം വൈകിട്ട് 7.32 ന്) ഛിന്ന ഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍.

ഛിന്നഗ്രഹത്തിന്റെ വലുപ്പം, വേഗത, ആഘാത സ്ഥാനം എന്നിവയെക്കുറിച്ച് കൃത്യമായി അറിയാന്‍ നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള നൂതന ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്.

ഛിന്ന ഗ്രഹം പതിച്ചേക്കാവുന്ന കൃത്യമായ സ്ഥലം നിര്‍ണയിച്ചിട്ടില്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ അറിയിക്കുമെന്നും നാസ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.