സില്‍വര്‍ലൈന്‍ യാത്രാ സമയം കുറയ്ക്കും; പിന്തുണയുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

 സില്‍വര്‍ലൈന്‍ യാത്രാ സമയം കുറയ്ക്കും; പിന്തുണയുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കൊച്ചി: 2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യു.എസ് ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍. സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സില്‍വര്‍ലൈനിനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നത് ഇതാദ്യമാണ്.

കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ നിക്ഷേപ അവസരങ്ങള്‍ എടുത്തുകാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. അതിനാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് അദേഹം ആഹ്വാനം ചെയ്തു. ഒരു സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്ടിഎ) ബഹ്‌റൈനുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് വളര്‍ച്ച, വികസനം, സാമ്പത്തിക അവസരങ്ങള്‍ എന്നിവയ്ക്കായി സമാനതകളില്ലാത്ത അവസരങ്ങളുണ്ട്. നിലവിലെ നാല് ലക്ഷം കോടി ഡോളറില്‍ നിന്ന് 2047 ഓടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 30-35 ലക്ഷം കോടി ഡോളറിലേക്ക് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

ബിജെപി നയിക്കുന്ന കേന്ദ്രവും ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന കേരള സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലും കേരളത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ ഇവിടെ വന്നിരിക്കുന്നതെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.