'ലോകമെമ്പാടും നിന്ന് എനിക്ക് ലഭിച്ച ആശ്വാസകരമായ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'; രോഗാവസ്ഥയിലും ലോകത്തിന് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

 'ലോകമെമ്പാടും നിന്ന് എനിക്ക് ലഭിച്ച ആശ്വാസകരമായ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'; രോഗാവസ്ഥയിലും ലോകത്തിന് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചികിത്സയില്‍ കഴിയുന്നതിനിടെയിലും ലോകത്തിന് നന്ദി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലഭിക്കുന്ന സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും ലോകത്തിന് നന്ദി അറിയിക്കുന്നുവെന്ന് മാര്‍പാപ്പ എക്‌സില്‍ കുറിച്ചു.

'അടുത്തിടെ എനിക്ക് ധാരാളം സ്‌നേഹ സന്ദേശങ്ങള്‍ ലഭിച്ചു. കുട്ടികളില്‍ നിന്നുള്ള കത്തുകളും ചിത്രങ്ങളും എന്നെ പ്രത്യേകിച്ച് ആകര്‍ഷിച്ചു. നിങ്ങളുടെ സാമീപ്യത്തിനും ലോകമെമ്പാടും നിന്ന് എനിക്ക് ലഭിച്ച ആശ്വാസകരമായ പ്രാര്‍ത്ഥനകള്‍ക്കും നന്ദി' - മാര്‍പാപ്പ കുറിപ്പില്‍ വ്യക്തമാക്കി.

'സന്തോഷത്തോടെ നിങ്ങളുടെ ശുശ്രൂഷകള്‍ തുടരാനും സുവിശേഷം നിര്‍ദേശിക്കുന്നത് പോലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്‌നേഹത്തിന്റെ അടയാളമായിരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് തിന്മയെ നന്മയാക്കി മാറ്റാം, സാഹോദര്യപരമായ ഒരു ലോകം കെട്ടിപ്പടുക്കാം. സ്‌നേഹത്തിനായി സാഹസങ്ങള്‍ ഏറ്റെടുക്കാന്‍ ഭയപ്പെടരുത്'- മറ്റൊരു പോസ്റ്റില്‍ മാര്‍പാപ്പ കുറിച്ചു.

ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മാര്‍പ്പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം രാത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കിയിരുന്നു.

ആരോഗ്യനിലയില്‍ മാറ്റം ഉണ്ടായിട്ടില്ലെങ്കിലും അദേഹത്തിന് ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ആശുപത്രിവിടാന്‍ സാധിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് വീല്‍ചെയറില്‍ ഇരിക്കാന്‍ സാധിക്കുന്നുണ്ട്. തന്റെ രോഗവിവരത്തെക്കുറിച്ചുള്ള ഒരു കാര്യങ്ങളും മറച്ച് വെക്കരുതെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. ഇപ്പോഴും ശ്വാസംമുട്ടല്‍ ഉണ്ടെങ്കിലും മാര്‍പ്പാപ്പ സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

റോമിലെ ജമേലി ആശുപത്രിയില്‍ ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസ് മൂര്‍ച്ഛിച്ച മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.