ഹിമപാതം: ഉത്തരാഖണ്ഡില്‍ 32 പേരെ രക്ഷപ്പെടുത്തി; 25 പേര്‍ കുടുങ്ങിക്കിടക്കുന്നു

 ഹിമപാതം: ഉത്തരാഖണ്ഡില്‍ 32 പേരെ രക്ഷപ്പെടുത്തി; 25 പേര്‍ കുടുങ്ങിക്കിടക്കുന്നു

ബദരിനാഥ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ) ക്യാമ്പിന് സമീപമാണ് സംഭവം. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബിആര്‍ഒ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ആര്‍ മീണ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), ജില്ലാ ഭരണകൂടം, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി), ബി.ആര്‍.ഒ ടീമുകള്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്നത്.

ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തിക്കുന്നത് കനത്ത വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററില്‍ എസ്.ഡി.ആര്‍.എഫ് സംഘം സ്ഥലത്തെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.