ഹൈദരാബാദ്: ഓസ്ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ക്രിക്കറ്റില്‍ മാത്രമായിരുന്നില്ല വാര്‍ണര്‍ ആരാധകരുടെ മനംകവര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ള റീലുകളിലൂടെ അഭിനയത്തോടുള്ള തന്റെ അഭിനിവേശവും അദേഹം തുറന്ന് കാട്ടിയിരുന്നു. 
'ബുട്ട ബൊമ്മ' എന്ന ഗാനത്തിന് അല്ലു അര്‍ജുനെ അനുകരിച്ച് ചുവട് വെച്ചുള്ള വാര്‍ണറുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. അല്ലു അര്‍ജുന്‍ ചിത്രങ്ങളേയും ഇന്ത്യന്‍ സിനിമകളേയും ഒരുപാട് ഇഷ്ടപ്പെടുന്ന ഓസ്ട്രേലിയന്‍ താരം ഒടുവില്‍ സിനിമയില്‍ അരേങ്ങറ്റം കുറിക്കുകയാണ്. എന്നാല്‍ അല്ലു അര്‍ജുനൊപ്പമല്ല വാര്‍ണറുടെ അരങ്ങേറ്റമെങ്കിലും തെലുങ്ക് സിനിമയിലേക്ക് തന്നെയാണ് അദേഹത്തന്റെ കടന്ന് വരവ്.
മൈത്രി മൂവീസിലെ നിര്‍മാതാവ് രവിശങ്കര്‍ തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയിലാണ് വാര്‍ണറുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചത്. വെങ്കി കുടുമൂലയുടെ നിതിന്‍, ശ്രീലീല എന്നിവര്‍ അഭിനയിച്ച റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ താരം ഒരു വേഷം ചെയ്യുമെന്നാണ് അദേഹം പറഞ്ഞിരിക്കുന്നത്.
പരിപാടിയിലെ അവതാരകന്‍ സിനിമയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ രവിശങ്കര്‍ ഇങ്ങനെ പറഞ്ഞു. 'ഈ സിനിമയില്‍ ഒരാള്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഞാന്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തണമോ എന്ന് എനിക്കറിയില്ല' വെളിപ്പെടുത്താന്‍ നിതിന്‍ ആഗ്യം കാണിച്ചതോടെ രവിശങ്കര്‍ തുടര്‍ന്നു, ഡേവിഡ് വാര്‍ണര്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ക്ഷമിക്കണം, വെങ്കി. അവര്‍ നിര്‍ബന്ധിച്ചതിനാല്‍ നിങ്ങളുടെ അനുവാദമില്ലാതെ എനിക്ക് അത് വെളിപ്പെടുത്തേണ്ടി വന്നു. അദേഹത്തിന്റെ കഥാപാത്രം വളരെ ആവേശഭരിതമായിരിക്കും. ഞങ്ങള്‍ അദേഹത്തെ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട് അതും റോബിന്‍ഹുഡിനൊപ്പം'.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വാര്‍ണര്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മെല്‍ബണിലെ ഒരു ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു അത്. ഇതിന് റോബിന്‍ഹുഡുമായി ബന്ധമുണ്ടോ എന്നത് വ്യക്തമല്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.