എട്ട് വര്‍ഷത്തിനിടെ പകുതിയായി; കേരളത്തില്‍ കുട്ടിക്കുറ്റവാളികള്‍ 2022 വരെ കുറവായിരുന്നുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

എട്ട് വര്‍ഷത്തിനിടെ പകുതിയായി; കേരളത്തില്‍ കുട്ടിക്കുറ്റവാളികള്‍ 2022 വരെ കുറവായിരുന്നുവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

കൊച്ചി: സമീപ കാലങ്ങളില്‍ കൗമാരക്കാര്‍ പ്രതികളായ കുറ്റകൃത്യങ്ങള്‍ കൂടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. സിനിമയുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും സ്വാധീനത്തില്‍ കുട്ടികള്‍ കൂടുതല്‍ അക്രമ വാസനയുള്ളവരായി മാറുന്നു എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നല്‍കുന്ന ഡാറ്റ പ്രകാരം 2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വസ്തുത ഇതിന് നേര്‍ വിപരീതമാണെന്നാണ് വ്യക്തമാകുന്നത്. രാജ്യത്ത് കുട്ടികളായ കുറ്റവാളികളുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലാണെങ്കില്‍ 2014ലേത് വെച്ചു നോക്കുമ്പോള്‍ പകുതിയില്‍ താഴെയായി എന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ 2023 മുതലുള്ള കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡാറ്റ പ്രകാരം ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും നിരക്കും മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിയിട്ടില്ല എന്നാണ്.

ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്

2014ല്‍ കേരളത്തില്‍ 1203 കുട്ടികുറ്റവാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ 1398 ആണ്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം 2016 ല്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 628 കുട്ടിക്കുറ്റവാളികളാണ് ഉള്ളത്. 2017 ല്‍ 481, 2018 ല്‍ 475, 2019 ല്‍ 451, 2020 ല്‍ 331, 2021 ല്‍ 328 എന്നിങ്ങനെയാണ് കണക്ക്. 2022 ല്‍ മാത്രമാണ് അല്‍പ്പം കൂടിയത്. 443 ജുവൈനല്‍ കേസുകളാണ് 2022 ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കോവിഡ് സമയത്ത് കുട്ടികള്‍ അടഞ്ഞിരുന്ന കാലമാണ് 2020 മുതല്‍ 2022 വരെയുള്ള കാലം. 2023 മുതലാണ് അവര്‍ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്. അവരുടെ ഡിജിറ്റല്‍ അഡിക്ഷന്‍, സാമൂഹ്യ വിച്ഛേദനം, എടുത്ത് ചാട്ടം, ലഹരിയുടെ ഉപയോഗം എല്ലാം കൂടി വന്നപ്പോഴാണ് ഇപ്പോള്‍ കാണുന്ന സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. 2023 മുതലുള്ള ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ വരുമെന്നത് ഉറപ്പാണെന്ന് മനോരോഗവിദഗ്ധന്‍ ഡോ. അരുണ്‍ ബി. നായര്‍ പറയുന്നു.

2017 മുതലുള്ള കുട്ടികള്‍ പ്രതികളായതിന്റെ കുറ്റകൃത്യ നിരക്ക് പരിശോധിച്ചാല്‍ 5.2 ശതമാനം ആണെങ്കില്‍ 2022 ആയപ്പോഴേയ്ക്കും 4.7 ശതമാനം എന്നതാണ് നിരക്ക്. ഇന്ത്യയിലെ മൊത്തം കണക്കുകള്‍ പരിശോധിച്ചാലും ഇത് തന്നെയാണ് അവസ്ഥ. 2014 ല്‍ ഇന്ത്യയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 38455 ആണ് കുട്ടികള്‍ കുറ്റവാളികളായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. 2022 ആയപ്പോഴേയ്ക്കും അത് 30,555 ആയി കുറയുകയാണ് ചെയ്തത്. കുറ്റകൃത്യ നിരക്ക് 7.5 ശതമാനം എന്നുള്ളത് 6.9 ശതമാനം ആയി കുറഞ്ഞു.

ദേശീയ ക്രൈം ബ്യൂറോയുടെ കണക്ക്

''കുട്ടിക്കുറ്റവാളികള്‍ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ നിയമപരമായി ശരിയല്ല. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നാണ് പറയേണ്ടത്. ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം കുറയുന്നു എന്നത് ഇന്ത്യയിലും കേരളത്തിലും ഉള്‍പ്പെടെയുള്ള സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ ഒരു വിജയമായി തന്നെ കണക്കാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഈ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ അതില്‍ നിന്നും നമ്മെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. നമ്മളൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കുറ്റകൃത്യങ്ങളിലും കുട്ടികളുണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെതിരായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു കര്‍മ പദ്ധതി ഉണ്ടാകണം.

ഈ കാലത്ത് മൊബൈല്‍ ഫോണിന്റെയും മറ്റും അഡിക്ഷന്‍ ഉണ്ടാവുകയും ലഹരിയുടെ വ്യാപനം സമൂഹത്തിലുണ്ടാവുകയും വളരെ ആക്രമണകരമായ രംഗങ്ങള്‍ കാണിക്കുന്ന സിനിമകള്‍ ഉണ്ടാവുകയും അത്തരം സിനിമകള്‍ ഇത്തരം പ്രശ്നങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ സിനിമാ സംവിധായകരും മറ്റും എതിര്‍ക്കുന്ന സ്ഥിതിയുമാണു് ഉള്ളതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനോരോഗ വിഭാഗം തലവന്‍ ഡോ. മോഹന്‍ റോയ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.