കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സ്ഥലം എംഎല്‍എ എം.മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സ്ഥലം എംഎല്‍എ എം.മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ സ്ഥലം എംഎല്‍എ എം. മുകേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു.

സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്നിലുണ്ടാകേണ്ടിയിരുന്ന മുകേഷ് എവിടെ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരടക്കം ചോദിക്കുന്നത്. ലൈംഗികാരോപണ കേസില്‍ പ്രതിയായ മുകേഷിനെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് മാറ്റി നിര്‍ത്തിയതാണന്നാണ് സൂചന.

നടിയുടെ ലൈംഗികാരോപണം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ മുകേഷിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എയെ സമ്മേളനത്തിന്റെ ഭാഗമാക്കേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

മുകേഷ് ജില്ലയ്ക്ക് പുറത്ത് സിനിമ ഷൂട്ടിങിലാണെന്നാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ ചെങ്കൊടിയുമേന്തി നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നല്‍കിയത്. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരായ നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയര്‍ത്തിയിരുന്നു.

തനിക്കെതിരായ ആരോപണത്തെ പാര്‍ട്ടിയെ മുന്‍നിര്‍ത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.