വേണം അവള്‍ക്കായി ഒരിടം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

വേണം അവള്‍ക്കായി ഒരിടം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴില്‍, ഭരണനേതൃത്വം തുടങ്ങിയ മേഖലകളില്‍ ഇന്നും നിരവധി പ്രതിസന്ധികളാണ് സ്ത്രീകള്‍ നേരിടുന്നത്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്നതാണ് ഈ വര്‍ഷത്തെ വനിതാദിന സന്ദേശം.

ലിംഗവിവേചനം, വേതനത്തിലെ അസമത്വങ്ങളും സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത സാമൂഹിക പ്രതീക്ഷകളുമെല്ലാം സ്ത്രീകളുടെ പുരോഗതിക്ക് വിഘാതമായി ഇന്നും തുടരുന്നു. അതിന്റെ ഉത്തമ ഉദാഹരമാണ് ആശാ വര്‍ക്കറുമാരുടെ സെക്രട്ടേറിയറ്റ് സമരം.

ഈ വനിതാ ദിനത്തില്‍ സമരവീര്യത്തിന്റെ ജീവിതകഥ പറയുന്ന ആശാ വര്‍ക്കറുമാരുടെ സെക്രട്ടേറിയറ്റ് സമരം ഇന്ന് 26 ദിനരാത്രങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വനിതാ ദിനമായ ഇന്ന് മഹാസംഗമം നടത്താനൊരുങ്ങുകയാണ് ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ അവര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം ഇതോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊന്നുകൂടി ഉണ്ട്.

ഏതാനും ദിവസം മുമ്പ് രണ്ട് അരുമ പെണ്‍കുട്ടികളെ ചേര്‍ത്തുപിടിച്ച് വിദ്യാസമ്പന്നയും ആരോഗ്യവതിയുമായ ഒരു സ്ത്രീക്ക് ട്രെയിനിന് മുന്നില്‍ ചാടി മരിക്കേണ്ട അവസ്ഥ ഉണ്ടായത്. ഇത്തരം സ്ത്രീകളുടെ അവസ്ഥ ഒറ്റപ്പെട്ട സംഭവങ്ങളല്ല, അവര്‍ ആത്മഹത്യ ചെയ്യാത്തതുകൊണ്ട് മാത്രമാണ് നാം അറിയാതെ പോകുന്നത്. രണ്ടറ്റവും കാണാതെ വഴിമുട്ടുന്ന സ്ത്രീകള്‍ക്ക് കയറി ചെല്ലാവുന്ന ഒരു ഇടം, ഒരു സംവിധാനം സര്‍ക്കാര്‍ തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

1857 മാര്‍ച്ച് എട്ടിന് മെച്ചപ്പെട്ട വേതനം, ജോലി സമയം കുറയ്ക്കുക, വോട്ടവകാശം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ന്യുയോര്‍ക്കിലെ തുണിമില്ലില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതദിനമെന്ന ആശയത്തിന് ആരംഭം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ലോക വനിതാദിനം ആഘോഷിക്കുന്നതിനായി മാര്‍ച്ച് എട്ട് എന്ന തിയതി ഒറ്റകെട്ടായി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ 1911 ലാണ് മാര്‍ച്ച് എട്ട് ന് ആദ്യമായി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചത്. 1975 ല്‍ ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചു.

വിവിധ അവകാശങ്ങള്‍ക്കായുള്ള സ്ത്രീ പോരാട്ടം നടന്നു കൊണ്ടിരിക്കുമ്പോഴും പുരുഷ സമൂഹം കൈയ്യടക്കി വച്ചിരുന്ന പല മേഖലകളും ഇന്ന് സ്ത്രീയുടേത് കൂടിയായി മാറിക്കഴിഞ്ഞു. എല്ലാ ബന്ധനങ്ങളും പൊട്ടിച്ച് പുരുഷന്മാരോടൊപ്പം ഒപ്പത്തിനൊപ്പം ചേര്‍ന്ന് മുന്നേറുന്ന സ്ത്രീകളെ ഇന്ന് ലോകത്തുടനീളം നമുക്ക് കാണാനാകും.

സ്ത്രീകളെ ശാക്തീകരിക്കുകയെന്നത് നീതിയുക്തമായ ഒരു സമീപനം മാത്രമല്ല.സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക സുസ്ഥിരതയ്ക്കും ആഗോള വികസനത്തിനുമെല്ലാം അനിവാര്യമായ കാര്യമാണത്. ലോകമെമ്പാടും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും അസമത്വങ്ങളും തുറന്നുകാട്ടുകയും അതിജീവനപ്പോരാട്ടത്തില്‍ വിജയം കൈവരിച്ചവരെ ആദരിക്കുകയും ചെയ്യുന്ന ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഓര്‍മ്മയില്‍ ഈ വനിതാ ദിനവും നമ്മള്‍ക്ക് ആഘോഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.