ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പുവെച്ച് എയര്‍ടെല്‍. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാറില്‍ ഒപ്പുവച്ചത്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ ആദ്യ കരാറാണിത്.
അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ടെല്‍ വഴി ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഉറപ്പാക്കും. എയര്‍ടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാര്‍ലിങ്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഇന്ത്യയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സുഗമമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്കിലൂടെ ഉറപ്പാക്കാനും എയര്‍ടെല്‍ പദ്ധയിടുന്നുണ്ട്.
ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് എല്ലായിടത്തും എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എയര്‍ടെല്‍ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഇന്ത്യയിലെ ടെലികോം മേഖലയില്‍ വലിയ പങ്കുവഹിച്ച എയര്‍ടെല്ലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സ്‌പെയ്‌സ് എക്‌സും അറിയിച്ചു.
രണ്ട് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്കിടെ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ തുടങ്ങാന്‍ താല്‍പര്യമുണ്ടെന്ന് മസ്‌ക് അറിയിച്ചിരുന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത വിദൂര ഗ്രാമങ്ങളില്‍ പോലും അതിവേഗ സേവനം ലഭ്യമാക്കാന്‍ സംവിധാനത്തിലൂടെ കഴിയുമെന്നായിരുന്നു മസ്‌ക് അന്ന് വ്യക്തമാക്കിയിരുന്നത്. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് 2022 നവംബറിലാണ് ഇന്ത്യയില്‍ ആദ്യമായി പ്രവര്‍ത്തനാനുമതി തേടിയത്.
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തില്‍ പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ വിന്യസിക്കുകയാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഒരു ഡിഷ് ആന്റിനയും റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയില്‍ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാകും.
പരമ്പരാഗത രീതിയില്‍ കേബിള്‍ വലിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റില്‍ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയില്‍ ഡൗണ്‍ലോഡ് വേഗത സ്റ്റാര്‍ലിങ്ക് ഉറപ്പുനല്‍കുന്നുണ്ട്. 20 മില്ലിസെക്കന്റില്‍ താഴെ ലേറ്റന്‍സിയിലുള്ള മികച്ച നെറ്റ് വര്‍ക്കാണ് സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.