സിഡ്‌നി: ലോകത്തിലാദ്യമായി 100 ദിവസത്തിലധികം പൂര്‍ണമായും കൃത്രിമഹൃദയം ഘടിപ്പിച്ച ഓസ്ട്രേലിയന്‍ പൗരന്‍ ആശുപത്രിവിട്ടു. ന്യൂ സൗത്ത് വെല്‍സിലെ നാല്‍പതുകാരനാണ് 100 ദിവസത്തിന് ശേഷം ആശുപത്രി വിട്ടത്. കഴിഞ്ഞ നവംബറിലാണ് സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ ആറ് മണിക്കൂര്‍ നീണ്ട ശാസ്ത്രകൃയയിലൂടെ കൃത്രിമ ഹൃദയം വെച്ച് പിടിപ്പിച്ചത്. ഇതോടെ ഓസ്ട്രേലിയയില്‍ പൂര്‍ണ കൃത്രിമ ഹൃദയം ലഭിച്ച ആദ്യത്തെയും ലോകത്തിലെ ആറാമത്തെയും വ്യക്തിയായി ഈ ഓസ്ട്രേലിയക്കാരന്‍ മാറി.
ആഴ്ചകളോളം ഐസിയുവിലും വാര്‍ഡിലുമായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസമാണ് അദേഹം ആശുപത്രിവിട്ടത്. ടൈറ്റനിയം കൊണ്ട് നിര്‍മിച്ച ചെറുയന്ത്രം ഒരു പമ്പ് ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ് ചെയ്യുക. രോഗിക്ക് ദാതാവിന്റെ ഹൃദയം ലഭിക്കുന്നതുവരെ ഹൃദയത്തിന്റെ പ്രവര്‍ത്തങ്ങള്‍ കൃത്രിമ ഹൃദയം നിര്‍വഹിച്ചുകൊള്ളും. മാര്‍ച്ച് ആദ്യം ഈ രോഗിക്ക് ദാതാവില്‍ നിന്നും ഹൃദയം ലഭിച്ചിരുന്നു.

ബിവാക്കർ ടോട്ടൽ ആർട്ടിഫിഷ്യൽ ഹാർട്ടിന്റെ ഉപജ്ഞാതാവായ ഡോ. ഡാനിയേൽ ടിംസ്
ഓസ്ട്രേലിക്കാരനായ ഡോ. ഡാനിയേല്‍ ടിംസ് ആണ് കൃത്രിമ ഹൃദയം കണ്ടുപിടിച്ചത്. ക്വീന്‍സ്ലാന്‍ഡില്‍ ജനിച്ച ഡോ. ഡാനിയേല്‍ ടിംസ് കണ്ടുപിടിച്ച ബിവാക്കര്‍ ടോട്ടല്‍ ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട്, യുഎസ്-ഓസ്‌ട്രേലിയന്‍ കമ്പനിയായ ബിവാക്കറാണ് വികസിപ്പിച്ചെടുത്തത്. ലോകത്തിലെ ആദ്യത്തെ ഇംപ്ലാന്റ് ചെയ്യാവുന്ന റോട്ടറി ബ്ലഡ് പമ്പാണിത്. ഈ ഉപകരണം ആരോഗ്യകരമായ ഹൃദയത്തിന്റെ സ്വാഭാവിക രക്തപ്രവാഹം നടത്താന്‍ പ്രാപ്തമാണ്. മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ണമായി മനുഷ്യ ഹൃദയത്തിന് പകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ദാതാവിന്റെ ഹൃദയം ലഭ്യമാകുന്നതുവരെ രോഗികളെ ജീവനോടെ നിലനിര്‍ത്തുന്നതിനുള്ള ഒരു പാലമായിട്ടാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്വീകര്‍ത്താക്കള്‍ക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ആവശ്യമില്ലാതെ തന്നെ അവര്‍ക്ക് ഈ ഉപകരണം ഉപയോഗിച്ച് ജീവിക്കാന്‍ കഴിയുക എന്നതായിരുന്നു ഡോക്ടര്‍ ഡാനിയേല്‍ ടിംസിന്റെ ലക്ഷ്യം.
ക്ലിനിക്കല്‍ പഠനത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള ഈ ഇംപ്ലാന്റ്, ഹൃദയാഘാതം, കൊറോണറി ഹൃദ്രോഗം, പ്രമേഹം പോലുള്ള മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് ശേഷം സാധാരണയായി വികസിക്കുന്നതുമൂലം ബൈവെന്‍ട്രിക്കുലാര്‍ ഹാര്‍ട്ട് തകരാറുള്ള രോഗികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഹൃദയത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുമ്പോള്‍ ശരീരത്തിലൂടെ ഫലപ്രദമായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. അയ്യായിരത്തോളം ആളുകളാണ് പ്രതിവര്‍ഷം ഹൃദ്രോഗം മൂലം ഓസ്ട്രേലിയയില്‍ മരണപ്പെടുന്നത്. പുതിയ കണ്ടുപിടുത്തം ഈ മേഖലയില്‍ ഒരു വലിയ വഴിത്തിരിവാകും.
ലോകമെമ്പാടും എല്ലാ വര്‍ഷവും 23 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുന്നുണ്ടെങ്കിലും 6000 പേര്‍ക്ക് മാത്രമേ ദാതാവിന്റെ ഹൃദയം ലഭിക്കുന്നുള്ളുവെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നു. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ബിവാക്കര്‍ ഉപകരണം വികസിപ്പിക്കുന്നതിനും വാണിജ്യവല്‍ക്കരിക്കുന്നതിനും 50 മില്യണ്‍ ഡോളര്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

പ്രൊഫസർ ക്രിസ് ഹേവാർഡും ഡോ. പോൾ ജാൻസും ഡോ. ഡാനിയേൽ ടിംസിനൊപ്പം
കഴിഞ്ഞ വര്‍ഷം യു.എസിലാണ് ആദ്യത്തെ അഞ്ച് ഇംപ്ലാന്റുകള്‍ നടന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് എല്ലാവര്‍ക്കും ദാതാവിന്റെ ഹൃദയങ്ങള്‍ ലഭിച്ചിരുന്നു. അവര്‍ക്കൊക്കെ ഇംപ്ലാന്റിനും ട്രാന്‍സ്പ്ലാന്റിനും ഇടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമയം 27 ദിവസമായിരുന്നു.
നവംബര്‍ 22 ന് സിഡ്‌നിയിലെ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയില്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ പോള്‍ ജാന്‍സിന്റെ നേതൃത്വത്തില്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഓസ്ട്രേലിയന്‍ പൗരന് കൃത്രിമ ഉപകരണം വെച്ചുപിടിപ്പിച്ചത്. ഓസ്ട്രേലിയന്‍ മെഡിക്കല്‍ രംഗത്തെ ചരിത്രപരമായ ഒരു നാഴികക്കല്ലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഡോ. ജാന്‍സ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.