ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷങ്ങൾ

ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടിട്ട് 12 വർഷങ്ങൾ

വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയിൽ നിന്ന് സാവധാനം സുഖം പ്രാപിച്ച് വരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് രോഗക്കിടക്കിയിൽ സ്ഥാനാരോഹണത്തിന്റെ 12–ാം വാർഷികം ആചരിക്കും. ഇന്ന് റോമിലെങ്ങും അവധിയാണ്. 2013 ൽ ഇതേ ദിവസമാണ് അർജന്റീനക്കാരനായ ജസ്യൂറ്റ് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ ഫ്രാൻസിസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

1936 ഡിസംബര്‍ 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാല് സഹോദരങ്ങളും മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു. മാര്‍പാപ്പയുടെ സഹോദരങ്ങളില്‍ മരിയ എലേന എന്ന ഒരു സഹോദരി മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.



രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു.

1969 ഡിസംബര്‍ 13 ന് ആര്‍ച്ച് ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായ മെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്.




1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തിരഞ്ഞെടുക്കപ്പെട്ടു. 2013 മാർച്ചിൽ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുത്തു.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിരവധി അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് പാപ്പ നടത്തിയത്. ഓസ്‌ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം. 2019 ഫെബ്രുവരിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശിച്ചത് വളരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അറേബ്യന്‍ ഉപദ്വീപിലേക്കുള്ള ഒരു മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. ഇവിടെ വച്ച് മനുഷ്യ സാഹോദര്യത്തിനും ലോക സമാധാനത്തിനും ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഒരു രേഖ മുസ്ലിം നേതാക്കന്മാരുമായി ചേര്‍ന്ന് മാര്‍പാപ്പ ഒപ്പിട്ടു.



വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. 'ദിലെക്സിത്ത് നോസ്'(2024),  ലുമെൻ ഫിദെയി (2013), ലൗദാത്തൊ സി (2015), ഫ്രതെല്ലി തൂത്തി (2020) എന്നീ നാല് ചാക്രിക ലേഖനങ്ങളും മാർപാപ്പ എഴുതിയിട്ടുണ്ട്.

റോമിലെ ജെമെല്ലി ആശുപത്രിയിൽ മാർപാപ്പയുടെ വാസം 28 ദിവസം പിന്നിടുകയാണ്. 1981 ൽ സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാത്രമേ ഇതിൽ കൂടുതൽ ദിവസം (55 ദിവസം) തുടർച്ചയായി ആശുപത്രിയിൽ കഴിഞ്ഞിട്ടുള്ളു. മാർപാപ്പ ആശുപത്രിയിൽ കഴിയുന്നതിന്റെ ചിത്രങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. അതേസമയം പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ മടങ്ങിവരവിനായുള്ള പ്രാർത്ഥനയിലാണ് ലോകം മുഴുവനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.