വാഷിങ്ടണ്‍ ഡിസി : സുഹൃത്തിനെ കാണാനുള്ള യാത്രയ്ക്കിടെ കാര്‍ മറിഞ്ഞ് കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി മറിഞ്ഞ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നത് ആറ് ദിവസം. ഒടുവില്‍ അതുവഴി വന്ന ആളുകളുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടല്‍. അമേരിക്കയിലെ ഇന്ത്യാന സ്വദേശിയും നാല്‍പ്പത്തൊന്നുകാരിയുമായ ബ്രിയോണ കാസെലാണ് ഗുരുതര അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ഓടിക്കുന്നതിനിടെ ബ്രിയോണ ഉറങ്ങിപ്പോയതാണ് കാര്‍ മറിയാന്‍ കാരണമായത്. തെന്നിമറിഞ്ഞ കാര്‍, റോഡിന് സമീപത്തെ ഒരു ചെറിയ അരുവിക്ക് സമീപമാണ് കിടന്നിരുന്നത്. അപകടത്തില്‍ ബ്രിയോണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകള്‍ പൊട്ടുകയും കാലുകള്‍ ഒടിയുകയും ചെയ്തു.
രക്ഷപ്പെടുത്തിയ ഉടന്‍ യുവതിയെ ചിക്കാഗോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനുള്ളില്‍ ആറ് ദിവസം കുടുങ്ങിക്കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോൾ ബ്രിയോണയ്ക്ക് ബോധമുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
ആരെങ്കിലും തന്നെ കണ്ടെത്തുമെന്ന് കരുതിയിരുന്നില്ലെന്നും അവിടെ കിടന്ന് മരിച്ചുപോവുമെന്നാണ് കരുതിയതെന്നും രക്ഷപ്പെട്ടതിന് പിന്നാലെ ബ്രിയോണ പറഞ്ഞു. ഫോണിന്റെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്ന് പോയതിനാലാണ് ബ്രിയോണയ്ക്ക് സഹായത്തിനായി ആരെയും വിളിക്കാന്‍ കഴിയാതെ പോയതെന്ന് പിതാവ് പറഞ്ഞു. തന്റെ സ്വെറ്റര്‍ അരുവിയിലെ വെള്ളത്തില്‍ മുക്കി ആ വെള്ളം പിഴിഞ്ഞ് കുടിച്ചാണ് ബ്രിയോണ ജീവന്‍ നിലനിര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.