ത്രിഭാഷാ നയത്തില്‍ കടുപ്പിച്ച് സ്റ്റാലിന്‍: തമിഴ്നാട്ടില്‍ ബജറ്റ് രേഖകളില്‍ നിന്ന് '₹' പുറത്ത് ; പകരം തമിഴ് അക്ഷരം 'രൂ'

ത്രിഭാഷാ നയത്തില്‍ കടുപ്പിച്ച് സ്റ്റാലിന്‍: തമിഴ്നാട്ടില്‍ ബജറ്റ് രേഖകളില്‍ നിന്ന് '₹' പുറത്ത് ; പകരം തമിഴ് അക്ഷരം 'രൂ'

ചെന്നൈ: ത്രിഭാഷാ നയത്തില്‍ കേന്ദ്രത്തോട് ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെ ബജറ്റില്‍ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റി തമിഴ്നാട്. ഔദ്യോഗിക ചിഹ്നമായ '₹'ന് പകരം തമിഴില്‍ 'രൂ' എന്നാണ് ബജറ്റിന്റെ ലോഗോയില്‍ കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എക്സില്‍ പങ്കുവച്ച ബജറ്റ് പ്രഖ്യാപനത്തിന്റെ ടീസര്‍ വീഡിയോയിലും ഔദ്യോഗിക ചിഹ്നം മാറ്റി തമിഴ് അക്ഷരമാക്കി.

എല്ലാം എല്ലാവര്‍ക്കും എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ധനമന്ത്രി തങ്കം തെന്നരസു 2025-2026 വര്‍ഷത്തേക്കുള്ള ബജറ്റ് നാളെയാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. നിലവിലെ ഡിഎംകെ സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് ആയതിനാല്‍ പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് തമിഴ്നാട് പ്രതീക്ഷിക്കുന്നത്.

2010 മുതല്‍ രാജ്യമെമ്പാടും രൂപയുടെ ചിഹ്നമായി '₹' ആണ് ഉപയോഗിക്കുന്നത്. തമിഴ്നാട് സ്വദേശിയായ ടി. ഉദയകുമാറാണ് ഈ ചിഹ്നം രൂപകല്‍പന ചെയ്തത്. സ്വാതന്ത്ര്യം നേടിയതിന് ശേഷം രൂപയെ സൂചിപ്പിക്കാന്‍ രാജ്യം 'രൂപ' അല്ലെങ്കില്‍ 'INR' എന്നിങ്ങനെയാണ് ഉപയോഗിച്ചിരുന്നത്.

2010 ല്‍ ഇന്ത്യന്‍ രൂപയ്ക്ക് പ്രത്യേക ചിഹ്നം ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ഒരു മത്സരം നടത്തുകയും ചെയ്തു. ഇതില്‍, തമിഴ്നാട് സ്വദേശി ടി. ഉദയകുമാര്‍ രൂപകല്‍പന ചെയ്ത '₹' ചിഹ്നം ഒന്നാം സമ്മാനം നേടുകയായിയിരുന്നു. ആ വര്‍ഷം ജൂലൈ 15 ന് ഈ ചിഹ്നം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചു.

ഋഷിവന്തിയം നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ ആയിരുന്ന ധര്‍മ്മലിംഗത്തിന്റെ മകനാണ് ടി. ഉദയകുമാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.