കോട്ടയം: വിവാദമായ മീനച്ചില്‍ താലൂക്കിലെ ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല. പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പാലായില്‍ കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറിലായിരുന്നു പി.സി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം.
വിഷയത്തില്‍ എതിര്‍പ്പുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും സാമൂഹ്യ സംഘടനയായ ദിശയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് നിയമോപദേശം തേടിയിരുന്നത്.
പി.സി ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ കേസെടുക്കാന്‍ തക്ക ഗൗരവമുള്ളതൊന്നുമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതേസമയം പൊലീസിന്റെ സമീപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.
ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടുവെന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നുമായിരുന്നു പിസി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാമെന്നും പക്ഷെ പറയുന്നില്ലെന്നും പി.സി പറഞ്ഞിരുന്നു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കവെ ആയിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.
'22, 23 വയസാകുമ്പോള്‍ പെണ്‍കൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെണ്‍കുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി.സി ജോര്‍ജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെണ്‍കൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമാണി'തെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ പ്രസ്താവന.
ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് ഒരു മതവിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ ഫെബ്രുവരി 28 നാണ് അദേഹത്തിന് ജാമ്യം ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.