കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം മുഴക്കുന്നഭാരതീയ ജനതാ പാര്‍ട്ടിയും, കോണ്‍ഗ്രസ് മുക്ത കേരളം സ്വപ്നം കണ്ട് ഭരണത്തുടര്‍ച്ചയ്ക്കായി പരിശ്രമിക്കുന്ന കേരളത്തിലെ സിപിഎമ്മും ഒരേ പക്ഷിയുടെ രണ്ട് ചിറകുകളാണോ എന്ന് പൊതു ജനങ്ങള്‍ സംശയിക്കാന്‍ പല കാരണങ്ങളുമുണ്ട്.
നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ട് ഭാരതത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു പൊടി പോലും അവശേഷിപ്പിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത് മുന്നേറുകയാണ്. കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്ന തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ ഹിന്ദി ഹൃദയ ഭൂമികളും ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഇതേ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കും കടന്ന് കയറാം എന്ന് ബിജെപി സ്വപ്നം കാണുന്നു. ദേശീയ തലത്തില്‍ അവരുടെ പ്രധാന ശത്രുവായകോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാതെ ഭാരതം മുഴുവന്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടിയായി വളരാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്ന ചിന്തയാണ് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്താന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും അധികാരമോ സ്വാധീനമോ ഇല്ലാത്ത കമ്മ്യൂണിസ്‌റ്പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കേരളം മാത്രമാണ് അവരുടെ കച്ചിത്തുരുമ്പ്. കേരളത്തില്‍ നിന്നും പുറംന്തള്ളപ്പെട്ടാല്‍ അതവരുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നത് കൊണ്ട് മാത്രമാണ് കേരളത്തില്‍ അവര്‍ കണ്ണും പൂട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയോ ദേശീയ നേതാക്കളോ കോണ്‍ഗ്രസ് നശിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വിരോധാഭാസം.
ആശയപരമായി സിപിഎമ്മിനും ബിജെപിക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന വളരെ പ്രധാനപ്പെട്ട ചോദ്യം ഇവിടെ പ്രസ്തകമാണ്. ആശയപരമായി യോജിക്കുക അസാധ്യമെങ്കിലും നില നില്‍പ്പിനായി യോജിക്കാം എന്നതാണ് മുന്‍കാല ചരിത്രങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയില്‍ ഒരിക്കലെങ്കിലും ബിജെപിയോട് തോളോട് തോള്‍ ചേര്‍ന്ന ചരിത്രമുള്ളത് കോണ്‍ഗ്രസിനല്ല കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാണ് എന്നത് ചരിത്ര സത്യം. പ്രകാശ് കാരാട്ടിനെപ്പോലെയുള്ളവരുടെ അതി തീവ്ര കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകള്‍ പലപ്പോഴും ദേശീയ തലത്തില്‍ ബിജെപിയെ സഹായിച്ചിട്ടുണ്ട് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. സീതാറാം യെച്ചൂരി തീവ്ര ബിജെപി വിരുദ്ധ നിലപാട് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ യെച്ചൂരിയുടെനിലപാടുകള്‍ തള്ളി കാരാട്ട് ലൈനിലാണ് പലപ്പോഴും സഞ്ചരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കൗണ്ട് ഡൌണ്‍ ആരംഭിച്ചത് 1989 ല്‍വി.പി സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയതോടെയാണ്. അന്ന് വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പുറത്ത് നിന്ന് പിന്തുണച്ചത് ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കൂടിയാണെന്നുള്ളത് ചരിത്ര വസ്തുത. രണ്ട് കൂട്ടരും പുറത്ത് നിന്നാണ് പിന്തുണച്ചതെങ്കിലും നേതാക്കള്‍ ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തുകയും തീരുമാനമെടുക്കുകയും ചെയ്തതിന് ദൃക്സാക്ഷികളും തെളിവുകളുമുണ്ട്. ഈ ചരിത്ര സംഭവം ബിജെപിയ്ക്ക് കൂടുതല്‍ വളര്‍ച്ച നല്‍കി. എന്നാല്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളെ ദുര്‍ബലമാക്കാനേ ഈ രാഷ്ട്രീയ നീക്കം ഉപകരിച്ചുള്ളു.
അതിര്‍ത്തിക്കപ്പുറം കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ സംരക്ഷകരാണെന്ന് തിരിച്ചറിഞ്ഞിട്ടും നിലനില്‍പ്പിന് വേണ്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ നാശം സ്വപ്നം കാണുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, അതിലൂടെ ബിജെപിക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പരുവപ്പെടുത്തുകയാണെന്ന യാഥാര്‍ത്ഥ്യം അവര്‍ വിസ്മരിക്കുന്നു. വി.പി സിംഗിനെ പ്രധാനമന്ത്രി കസേരയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് ബിജെപിയും മാര്‍കിസിസ്റ്റ് പാര്‍ട്ടിയും താങ്ങി നിര്‍ത്തിയത് പോലെ കേരളത്തിലെ കോണ്‍ഗ്രസിന്റെ കസേര തകര്‍ക്കാന്‍ വീണ്ടും ഈ പാര്‍ട്ടികള്‍ ഒന്നിക്കുമോ എന്ന ചോദ്യം പൊതു സമൂഹത്തിൽ നിന്ന് ഉയർന്ന് വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.