പറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍മാര്‍ തമ്മിലുണ്ടായ വെടി വയ്പ്പില്‍ ഒരാള്‍ മരിച്ചു. അപരന് ഗുരുതരമായി പരിക്കേറ്റു. കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടി വയ്പ്പില്‍ കലാശിച്ചത്.
വിശ്വജിത്ത് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ജയ്ജിത്ത് യാദവിനാണ് പരിക്കേറ്റത്. വെടി വയ്പ്പില്‍ നിത്യാനന്ദ റായിയുടെ സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ ഭാര്യാ സഹോദരന്‍ രഘുനന്ദന്‍ യാദവിന്റെ ജഗത്പൂരിലെ വസതിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
വീട്ടു ജോലിക്കാരന്‍ ജയ്ജിത്തിന് വെള്ളം കൊടുക്കുന്നതിനിടെ കൈ വെള്ളത്തില്‍ മുക്കിയെന്ന വിഷയത്തില്‍ ആരംഭിച്ച തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്നെ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തിനിടെ വിശ്വജിത്ത് വീട്ടില്‍ നിന്നും പിസ്റ്റള്‍ എടുത്ത് ജയ്ജിത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ജയ്ജിത്തിന്റെ താടിയെല്ലിന് പരുക്കേല്‍ക്കുകയും ചെയ്തു.
ഇതോടെ സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തോക്ക് പിടിച്ചുവാങ്ങി ജയ്ജിത്ത് തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ വിശ്വജിത്ത് യാദവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ജയ്ജിത്ത് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബിഹാര്‍ പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.