കത്തോലിക്ക മെത്രാനെ ജയിലിലടച്ചു; അടിച്ചമർത്തൽ നടപടി തുടർ‌ന്ന് ചൈനിസ് ഭരണകൂടം

കത്തോലിക്ക മെത്രാനെ ജയിലിലടച്ചു; അടിച്ചമർത്തൽ നടപടി തുടർ‌ന്ന് ചൈനിസ് ഭരണകൂടം

വിയന്ന : കിഴക്കന്‍ ചൈനയിലെ വെന്‍ചു രൂപതാ ബിഷപ് പീറ്റര്‍ ഷാവോ സുമിനെ ചൈനീസ് നാഷണൽ സെക്യൂരിറ്റി ഓഫീസിലെ ഏജന്റുമാർ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പരിശുദ്ധ കുർബ്ബാന അർപ്പിച്ചതിന് ചുമത്തിയ ഭീമമായ പിഴ അടയ്ക്കാൻ വിസമ്മതിച്ചതിനാണ് അറസ്റ്റ്.

ഡിസംബർ 27-ന് വിശുദ്ധ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 200 പേർ പങ്കെടുത്ത കുർബാന അർപ്പിച്ചതിന് 27,000 യുഎസ് ഡോളറിന് തുല്യമായ 200,000 യുവാൻ പിഴ അടയ്ക്കാനായിരുന്നു നിർദേശം. സഭയുടെ പ്രവർത്തനങ്ങൾ നിയമം ലംഘിക്കാത്തതിനാൽ ഇത്രയും ഭീമമായ തുക അടക്കില്ലെന്ന നിലപാട് ബിഷപ്പ് എടുത്തിരുന്നു. മതകാര്യ ചട്ടങ്ങളുടെ ആർട്ടിക്കിൾ 71 പ്രകാരം മോൺസിഞ്ഞോർ ഷാവോ നടത്തിയ കുർബാന നിയമവിരുദ്ധവും ഗുരുതവുരമായ കുറ്റകൃത്യമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം.

2011ല്‍ യോങ്ജിയ രൂപതയുടെ സഹായ മെത്രാനായി നിയമിതനായ പീറ്റര്‍ ഷാവോ ചുമിന്‍ 2016ലാണ് വെന്‍ചുവിലെ മെത്രാനാകുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്.

വത്തിക്കാനുമായി ചൈന മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉടമ്പടി ഉണ്ടാക്കുകയും അത് 2020 ല്‍ വീണ്ടും നീട്ടുകയും ചെയ്‌തെങ്കിലും രാജ്യത്തെ ക്രൈസ്തവ മതപീഡനത്തിന് കുറവുണ്ടായിട്ടില്ല. ഉടമ്പടിക്ക് ശേഷവും വത്തിക്കാന്റെ അംഗീകാരമുള്ള അധോസഭയ്ക്കു നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ വര്‍ധിച്ചുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.