മെസിയും സംഘവും ഒക്ടോബറില്‍ കേരളത്തിലെത്തും; സ്ഥിരീകരണവുമായി സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി

മെസിയും സംഘവും ഒക്ടോബറില്‍ കേരളത്തിലെത്തും; സ്ഥിരീകരണവുമായി സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി

തിരുവനന്തപുരം: ലോക ഫുട്‌ബോള്‍ നായകന്‍ ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി.

മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനാ ടീം ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
എച്ച്എസ്ബിസിയാണ് അര്‍ജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സര്‍മാര്‍.

'ഈ പങ്കാളിത്തത്തിന് കീഴില്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കും'- എച്ച്എസ്ബിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ, ഈ വര്‍ഷം ഇന്ത്യയിലും സിങ്കപ്പൂരിലുമായി നടക്കേണ്ട മത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു വര്‍ഷ പങ്കാളിത്ത കരാര്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ചേര്‍ന്ന് പ്രഖ്യാപിച്ചു.

അര്‍ജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞ നവംബറില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2011 സെപ്റ്റംബറില്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.