പഴയ ആലുവ-മൂന്നാര്‍ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനകീയ പ്രതിഷേധം നടക്കുകയാണ്. ആലുവയില്‍ നിന്ന് മൂന്നാറിലേക്കുള്ള എളുപ്പവഴിയാണ് ഈ രാജപാത. പക്ഷേ വര്‍ഷങ്ങളായി ഈ റോഡ് അടഞ്ഞുകിടക്കുകയാണ്.
കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, എംപി, എംഎല്‍എ വൈദികര്‍, പ്രദേശവാസികള്‍ എന്നിവര്‍ ഉള്‍പ്പെടെ പാത തുറക്കണമെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് സജീവമായി ഉണ്ട്. മലയോര മേഖലയില്‍ റോഡ് തുറക്കാനായി സമരം ശക്തമായിട്ടും പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുക്കുകയല്ലാതെ അനുകൂല നടപടികളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ആലുവ-മൂന്നാര്‍ രാജ പാത ജനങ്ങള്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍ കാരണമുണ്ട്.
മൂന്നറിലേക്ക് ആലുവയില്‍ നിന്നുള്ള എളുപ്പവഴി

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നറിലേക്ക് ആലുവയില്‍ നിന്നുള്ള എളുപ്പ വഴിയാണ് രാജപാത. ആലുവയില്‍ നിന്ന് ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിചേരുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് വരുന്നത്. രാജഭരണ കാലത്ത് നിര്‍മിച്ച റോഡ് അക്കാലം മുതല്‍ വാഹന ഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.
പ്രളയ സമയത്താണ് റോഡ് തകര്‍ന്നത്. അടിമാലി വഴിയുള്ള പുതിയ റോഡ് നിര്‍മിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെടുകയായിരുന്നു. വനത്തിനുള്ളിലൂടെയുള്ള ഈ റോഡ് കാലക്രമേണ വനം വകുപ്പിന്റെ അധീനതയിലായി. ഗതാഗതം മുടങ്ങിയ പാതയുടെ പൂയംകുട്ടി മുതല്‍ പെരുമ്പന്‍കുത്ത് വരെയുള്ള ഭാഗം, വനം വകുപ്പ് അന്യായമായി കയ്യേറി അടച്ചിരിക്കുകയാണെന്ന് സമരസമിതി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രേഖകളില്‍ ഈ റോഡ് ഇപ്പോഴും പൊതുമരാമത്ത് റോഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
തുറന്നിട്ടാല്‍ നേട്ടങ്ങളേറെ
കോതമംഗലത്ത് നിന്ന് നേര്യമംഗലം അടിമാലി വഴി മൂന്നാറിലെത്താന്‍ 80 കിലോമീറ്ററാണ് പിന്നിടേണ്ടത്. എന്നാല്‍ രാജപാത തുറന്നാല്‍ പിണ്ടിമേട്, കുഞ്ചിയാര്‍, മാങ്കുളം വഴി മൂന്നാറിലേക്കുള്ള ദൂരം 60 കിലോമീറ്ററായി കുറയും. കാടിന് നടുവിലൂടെയുള്ള റോഡ് തുറന്നാല്‍ വിനോദ സഞ്ചാര മേഖലയ്ക്കും അത് നേട്ടമാണ്. വിവിധ പ്രദേശങ്ങളുടെ യാത്രാ സൗകര്യം കാര്‍ഷിക വ്യാവസായിക വാണിജ്യ മേഖലകളിലും മുന്നേറ്റം ഉണ്ടാകും.
പാത തുറക്കാത്തതിന്റെ കാരണം
വന്യജീവികളുടെ പേര് തന്നെയാണ് ഇവിടെ റോഡ് തുറക്കുന്നതിന് തടസമായി ചൂണ്ടിക്കാട്ടുന്നത്. കോതമംഗലത്ത് നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ കഴിഞ്ഞുവേണം പൂയംകുട്ടിയില്‍ എത്താന്‍. പൂയംകുട്ടിയിലെ ഇലക്ട്രിക് ഫെന്‍സിങിനപ്പുറമാണ് മൂന്നാര്‍ രാജപാത. നിലവില്‍ ഈ ഫെന്‍സിങിനപ്പുറത്തേക്ക് ഗതാഗതം അനുവദിക്കുന്നില്ല.
ഫെന്‍സിങിനപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ലെന്നും കടന്നാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കുന്ന ഒരു ബോര്‍ഡ് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ഈ നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കോതമംഗലത്തെ ജനകീയ പ്രക്ഷോഭം.
ജനകീയ സമരവും വനം വകുപ്പിന്റെ കള്ളക്കേസും

കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ വനം വകുപ്പ് കള്ളക്കേസ് എടുത്തിരിക്കുകയാണ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കാന്തി വെള്ളക്കയ്യന്‍, നിരവധി വൈദികര്‍ പ്രദേശവാസികള്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്.
റാലിയില്‍ പങ്കെടുക്കാന്‍ കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എത്തിയതോടെ ജനകീയ യാത്ര വന്‍വിജയമായിരുന്നു. ജനമുന്നേറ്റയാത്രയില്‍ പഴയ ആലുവ മൂന്നാര്‍ റോഡിലൂടെ രണ്ട് കിലോമീറ്ററോളം കാല്‍നടയായി മൂവായിരത്തോളം ആളുകളാണ് നടന്നുനീങ്ങിയത്. ബിഷപ് നേതൃത്വനിരയിലേക്ക് വന്നതോടുകൂടി തികഞ്ഞ അച്ചടക്കത്തോടെയും സമാധാന പൂര്‍ണവുമായിട്ടായിരുന്നു യാത്ര. പ്രകോപനപരമായ ഒരു മുദ്രാവാക്യം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ യാത്രയെ കായികപരമായി നേരിടാന്‍ കാത്തിരുന്ന വനം വകുപ്പിന് നിരാശപ്പെടേണ്ടിവന്നു. അതിന് പകരമായാണ് പൊതുവഴിയിലൂടെ മാത്രം നടന്നുനീങ്ങിയ ബിഷപ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്ന് സമരസമിതി വ്യക്തമാക്കുന്നു.
വനം വകുപ്പ് തീ കൊള്ളികൊണ്ട് തലചൊറിയരുതെന്ന് ഡീന്‍ കുര്യാക്കോസ്

പഴയ റോഡ് തുറക്കണമെന്നാവാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്കെതിരെ കേസെടുക്കുന്നതിനെതിരെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. എംപി എന്ന നിലയില്‍ താന്‍ തന്നെയായിരുന്നു ഈ സമരത്തിന് നേതൃത്വം നല്‍കിയത്. മറ്റ് ജനപ്രതിനിധികളും സമരത്തിലുണ്ടായിരുന്നു. മതസമുദായ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. കോതമംഗലം രൂപതാ മുന്‍ ബിഷപ് മാര്‍ പുന്നക്കോട്ടില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സമരത്തിന് നേതൃത്വം നല്‍കിയപ്പോള്‍ ഗത്യന്തരമില്ലാതെ തലങ്ങും, വിലങ്ങും നടപടിയുമായി വനം വകുപ്പ് ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഈ നടപടി 'തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്'.
വനം വകുപ്പിന് യാതൊരു അവകാശവുമില്ലാത്ത ഭൂമിയില്‍ തടസം സൃഷ്ടിച്ചതാണ് ജനങ്ങള്‍ നീക്കം ചെയ്തത്. അതിന്റെ പേരില്‍ പൊതുമുതല്‍ തകര്‍ത്തു എന്ന ആരോപണം കെട്ടിച്ചമച്ചിരിക്കുകയാണ്. പൊലീസിനെ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഈ കേസില്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്.
രണ്ടാമത്തെ കേസ് വനഭൂമിയില്‍ അതിക്രമിച്ച് കയറി എന്ന് ആരോപിച്ചാണ്. വന്ദ്യവയോധികനായ, കുടിയേറ്റ ജനതയുടെ അത്താണിയായ അഭിവന്ദ്യ പിതാവിനെതിരെ പോലും കേസ് ചുമത്തിയത് അങ്ങേയറ്റത്തെ വെല്ലുവിളിയായിട്ടാണ് കാണാന്‍ കഴിയുന്നത്. ഈ നിലയില്‍ സമരക്കാരുടെ മനോവീര്യം തകര്‍ക്കാമെന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്. ആലുവ-മൂന്നാര്‍ പഴയ പാത സംജാതമാകുന്നതുന്നതുവരെ സമര രംഗത്ത് ഉറച്ചു നില്‍ക്കുമെന്നും എംപി പറഞ്ഞു.
നടപടിയ്‌ക്കെതിരെ പ്രതിഷേധാഗ്നി

രാജപാത തുറക്കണമെന്നും വനംവകുപ്പ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലത്ത് ഇന്ന് പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. കോതമംഗലം രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടന്ന സമ്മേളനത്തിലും ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.
വൈകുന്നേകം ഏഴോടെ ചെറിയപള്ളി താഴത്ത് നിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്‌ക്വയറിന് സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്.
കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും പ്രദേശവാസികള്‍ക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിന്‍വലിക്കുകയും നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ രാജപാതയിലൂടെ താനും നടക്കുമെന്നും അതിന്റെ പേരിലുള്ള എന്ത് നടപടിയും നേരിടാന്‍ തയാറാണെന്നും കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വ്യക്തമാക്കി. പ്രതിഷേധാഗ്നിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വനംവകുപ്പ് അവകാശ ലംഘനവും ക്രൂരതയും തുടര്‍ന്നാല്‍ പുന്നക്കോട്ടില്‍ പിതാവ് പണ്ട് വാഹനത്തില്‍ യാത്ര ചെയ്യുകയും പ്രതിഷേധ യാത്രയില്‍ പങ്കെടുത്ത് നടക്കുകയും ചെയ്ത വഴിയിലൂടെ താനും നടക്കും. അതിന്റെ പേരിലുള്ള എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറാണ്. 89 കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസ സമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാന്‍ ആണെങ്കിലും ജയിലിലേക്ക് ആണെങ്കിലും പിന്മാറില്ലെന്നും അദേഹം വ്യക്തമാക്കി.
രൂപതയ്ക്കോ സഭക്കോ ആ മേഖലകളില്‍ എസ്റ്റേറ്റോ വന്‍കിട സ്ഥാപനങ്ങളോ ഇല്ല. രൂപതാ അംഗങ്ങളായ ആളുകളും താരതമ്യേന കുറവാണ്. പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെന്ന താല്‍പര്യങ്ങളും ഇല്ല. വ്യത്യസ്ത മതവിശ്വാസികളും രാഷ്ട്രീയ വിശ്വാസികളുമായ സാധാരണക്കാരുടെ ന്യായമായ അവകാശം സംരക്ഷിക്കാനാണ് സഭയും രൂപതയും നിലപാടുമായി മുന്നോട്ടുപോകുന്നതെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ-മത വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാവരും ഒറ്റക്കെട്ടായി ഈ ജനദ്രോഹ നടപടിക്കെതിരെ മുന്നോട്ട് വരണമെന്നും ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.
വഴി സഞ്ചരിക്കാനുള്ളത്, ചങ്ങലക്കിടാനുള്ളതല്ല

1857 ല്‍ ബ്രിട്ടീഷുകാര്‍ പണിത റോഡാണ് മൂന്നാര്‍-ആലുവ രാജപാത. ആലുവയില്‍ നിന്നും മൂന്നാറിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന പൊതുമരാമത്ത് രേഖകള്‍ പ്രകാരമുള്ള റോഡാണിത്.
പെട്ടെന്ന് ഒരു നാള്‍ ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി വനം വകുപ്പ് റോഡ് കൈയേറി ചങ്ങലയിട്ട് കെട്ടിയടച്ചു.
റോഡ് ജനങ്ങള്‍ക്ക് യാത്ര ചെയ്യാനായി തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പൂയംകുട്ടിയിലെ ജനങ്ങള്‍ പ്രതിഷേധ സമരം നടത്തിയത്. ഈ സമരത്തിന് ഒപ്പമാണ് ഭരണ പ്രതിപക്ഷ എംഎല്‍എമാരും ഡീന്‍ കുര്യാക്കോസ് എംപിയും 89 വയസുള്ള കോതമംഗലം രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലും അണിനിരന്നത്.
വളരെ സൗമ്യമായി പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് ജനങ്ങള്‍ക്കൊപ്പം അണിനിരന്ന ബിഷപിനെതിരെ വനത്തില്‍ അതിക്രമിച്ചു കയറി എന്ന കാരണം കാണിച്ച് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വഴി മനുഷ്യര്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. അല്ലാതെ അത് കെട്ടിയടയ്ക്കാനുള്ളതല്ല. മനുഷ്യന്‍ ഉണ്ടാക്കിയ, മനുഷ്യര്‍ക്ക് വേണ്ടിയുള്ള വഴികള്‍. അത് എന്തിന് ചങ്ങലക്കിടുന്നത്.
പെട്ടെന്ന് ഒരു ദിവസം പൊട്ടിമുളച്ചതല്ല ഈ രാജപാത. നൂറ്റാണ്ടുകളായി മനുഷ്യന്‍ യാത്ര ചെയ്യുന്നതാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ വ്യക്തമാക്കുന്നു. ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കമാണ് സമരവേദിയില്‍ എത്തിയത്. എന്നിട്ടും പ്രശ്‌നം പരിഹരിക്കില്ല എന്ന വാശിയിലാണ് ഭരണകര്‍ത്താക്കള്‍ എന്നാണ് ആക്ഷേപം.
വളരെ ശാന്തമായും സമാധാനമായും വീടുകളില്‍ കഴിഞ്ഞുകൂടിയിരുന്ന ഒരു ജനതയെ മുഴുവന്‍ ഇക്കാരണത്താല്‍ തെരുവില്‍ ഇറക്കിയിരിക്കുകയാണ്. മത, സാമുദായി മേലധ്യക്ഷന്‍ മാര്‍ അടക്കം അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തെരുവിലിറങ്ങി സമരം ചെയ്യേണ്ടിയിരിക്കുന്നു എന്നത് തീര്‍ത്തും അപലപനീയമാണ്. ഇത് കേരളത്തിന് ഭൂഷണമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.