ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് തുക കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് സ്ഥലം മാറ്റം. അലഹാബാദ് ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റാനുള്ള കൊളീജിയം തീരുമാനം രാഷ്ടപതി അംഗീകരിച്ചു.
അലഹാബാദ് ഹൈക്കോടതിയില്‍ യശ്വന്ത് വര്‍മ്മ മുന്‍പ് ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും യശ്വന്ത് വര്‍മ്മയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സ്ഥലം മാറ്റാനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. യശ്വന്ത് വര്‍മ്മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെതിരേ അലഹബാദ് ബാര്‍ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഇതിനായി പ്രമേയവും പാസാക്കി.
ഫുള്‍ കോര്‍ട്ട് യോഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് വിഷയം ധരിപ്പിച്ചത്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിനിടെ യശ്വന്ത് വര്‍മയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായതാണ് ന്യായാധിപരുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന സംഭവ വികാസങ്ങളിലേക്ക് നയിച്ചത്. തീ അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് വീട്ടില്‍ കണക്കില്‍പ്പെടാത്ത കത്തിക്കരിഞ്ഞ നിലയില്‍ കോടിക്കണക്കിന് പണം കണ്ടെത്തിയത്.
പണത്തിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ മലയാളി ജഡ്ജി ഉള്‍പ്പെടെ മൂന്നംഗ അന്വേഷണ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി നിയോഗിച്ച മുന്നംഗ ജുഡീഷ്യല്‍ സമിതി ജസ്റ്റിസ് വര്‍മ്മയുടെ വിശദീകരണം രേഖപ്പെടുത്തി. ഡല്‍ഹിയിലെ ഹരിയാന ഗസ്റ്റ്ഹൗസിലായിരുന്നു മൊഴിയെടുക്കല്‍. പണം കണ്ടെത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് വര്‍മ്മ നേരത്തെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരിച്ചിരുന്നത്.
മാര്‍ച്ച് 14 ന് രാത്രിയിലാണ് ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് സ്റ്റോര്‍ റൂമില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. അലഹാബാദുകാരനായ ജസ്റ്റിസ് വര്‍മ്മ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
അതേസമയം, അഗ്നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിന്നീട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. ജഡ്ജിയുടെ വീട്ടില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ വീടിന് പരിസരത്തെ റോഡില്‍ നിന്നും അഞ്ഞൂറിന്റെ നോട്ടുകെട്ടുകളും കണ്ടെത്തിയിരുന്നു. സംഭവം രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ തലത്തിലും ന്യായാധിപ തലത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കെയാണ് സ്ഥലം മാറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.