നീപെഡോ: മ്യാന്‍മാറിലും തായ്‌ലാന്‍ഡിലും കനത്തനാശം വിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി ഉയര്‍ന്നു. 3408 പേര്‍ക്ക് പരിക്കേറ്റതായും 139 പേരെ കാണാനില്ലെന്നും ഭരണകൂടം അറിയിച്ചു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേരാണ് മരിച്ചത്.
സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും വ്യാപക നാശനഷ്ടം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇരു രാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നീപെഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50 നാണ് ഭൂചലനം ഉണ്ടായത്. 7.7 ത്രീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളും ഉണ്ടായി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലെയിലാണ് ഭൂകമ്പം കനത്തനാശം വിതച്ചത്.
അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 80 പേരടങ്ങുന്ന ദുരിതാശ്വാസ സേനയെ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചു. നിലവില്‍ ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായി എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കൂടാതെയാണ് കൂടുതല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.

ഇന്ന് വൈകുന്നേരമാണ് വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുമായി മ്യാന്‍മാറിലേക്ക് പുറപ്പെട്ടത്. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നല്‍കി. മ്യാന്‍മറിലെ മ്യാന്‍മര്‍ സൈനിക മേധാവിയുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളുമായാണ് എന്‍ഡിആര്‍എഫ് സംഘം മ്യാന്‍മറിലേക്ക് തിരിച്ചത്.
ഭൂകമ്പം തകര്‍ത്ത മ്യാന്മറിന് സഹായഹസ്തവുമായി ഇന്ത്യ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ടെന്റുകള്‍, പുതപ്പുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷണ പാക്കറ്റുകള്‍, ശുചിത്വ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെ 15 ടണ്‍ അവശ്യവസ്തുക്കള്‍ ഇതിനോടകം ഇന്ത്യ മ്യാന്‍മറിലെത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.