സന: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് വന്നിട്ടില്ലെന്ന് വ്യക്തമാക്കി ജയില്‍ അധികൃതര്‍.
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന് അറിയിച്ച് നിമിഷ പ്രിയയ്ക്കു ജയിലിലേക്ക് വനിതാ അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
ഇങ്ങനെയൊരു ഫോണ്‍ കോള്‍ കിട്ടിയതായുള്ള നിമിഷയുടെ ശബ്ദ സന്ദേശം അവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ് ലഭിച്ചത്. പക്ഷേ, ആരാണ് നിമിഷ പ്രിയയെ വിളിച്ച വനിതാ അഭിഭാഷകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, റമദാന്‍ മാസത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു നേരത്തേ പുറത്തു വന്ന വാര്‍ത്തകള്‍
വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലാണ് കേസെന്നും എംബസി വ്യക്തമാക്കിയിരുന്നു. പിന്നീടാണ് വിമതരുടെ പ്രസിഡന്റും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായ മെഹ്ദി അല്‍ മഷാദ് വധശിക്ഷ ശരി വച്ചെന്ന് വ്യക്തമായത്.
തലാല്‍ അബ്ദു മഹദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് 2017 മുതല്‍ നിമിഷ പ്രിയ സനയിലെ ജയിലില്‍ കഴിയുന്നത്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനിയാണ് നിമിഷ പ്രിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.