വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍: ഒന്നിച്ചെതിര്‍ക്കാന്‍ പ്രതിപക്ഷം; അവധി റദ്ദാക്കി അംഗങ്ങള്‍

വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍: ഒന്നിച്ചെതിര്‍ക്കാന്‍ പ്രതിപക്ഷം; അവധി റദ്ദാക്കി അംഗങ്ങള്‍

ന്യൂഡല്‍ഹി: മുനമ്പം അടക്കമുള്ള വിഷയങ്ങളില്‍ ഏറെ നിര്‍ണായകമായ വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 ന് ബില്‍ ലോക്സഭയില്‍ വയ്ക്കും. ലോക്സഭയില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് നീക്കം. സഭയിലുണ്ടാകണമെന്ന് എല്ലാ ബി.ജെ.പി എംപിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവരും തങ്ങളുടെ എംപിമാര്‍ സഭയിലുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം എന്‍.ഡി.എയിലെ ടി.ഡി.പി, ജെ.ഡി.യു തുടങ്ങി നാല് ഘടകകക്ഷികള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല. പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കും. അതിന് മുന്‍പ് ബില്‍ ഇരുസഭകളിലും പാസാക്കിയെടുക്കാനാണ് കേന്ദ്ര നീക്കം. 2024 ഓഗസ്റ്റില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ(ജെപിസി) ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ബില്ലാണ് ഇന്ന് ലോക്‌സഭ പരിഗണിക്കുന്നത്.

ചൊവ്വാഴ്ച ചേര്‍ന്ന ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തിലാണ് ബില്‍ അവതരണവും ചര്‍ച്ചാ സമയവും നിശ്ചയിച്ചത്. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. മണിപ്പൂര്‍ പ്രശ്നവും വോട്ടര്‍ കാര്‍ഡിലെ ക്രമക്കേടുകളും ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ത്തി. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് യോഗത്തില്‍ നിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ അനുകൂല ധ്രുവീകരണം ലക്ഷ്യമിട്ട് ബില്ലുമായി മുന്നോട്ടുപോകാനുള്ള ഉറച്ച നിലപാടിലാണ് ബിജെപി. ബില്ലിനെ എതിര്‍ക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. 

അതേസമയം ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാരിന് നേട്ടമായി. നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളോടും പാര്‍ലമെന്റ് അംഗങ്ങളോടും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഭ്യര്‍ഥിച്ചു. നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയോട് ചേര്‍ന്നു പോകുന്നതല്ലെന്നും മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിന് ഭേദഗതി വേണമെന്നുമാണ് സിബിസിഐ അഭിപ്രായപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.