മധുര: എം.എ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയാക്കാന്‍ പിബിയില്‍ ധാരണ. അന്തിമ തീരുമാനം ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍. 16 അംഗ പിബിയില്‍ അഞ്ച് പേര്‍ എം.എ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തു. എം.എ ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം പിണറായി വിജയന്‍ ഒഴികെ മറ്റാര്‍ക്കും പ്രായപരിധിയില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് പിബി യോഗം തീരുമാനിച്ചതായാണ് വിവരം. പിണറായിക്ക് വീണ്ടും കാലാവധി നീട്ടി നല്‍കുന്നതിനെക്കുറിച്ച് ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കും. പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പിബി അംഗങ്ങളെയും കുറിച്ചുള്ള തീരുമാനവും യോഗത്തില്‍ കൈക്കൊള്ളും.
പിബിയില്‍ എട്ട് ഒഴിവുകളില്‍ പിണറായിക്ക് കാലാവധി നീട്ടി നല്‍കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട് അടക്കമുള്ള മറ്റ് ചില നേതാക്കള്‍ക്ക് പ്രായപരിധിയില്‍ നിന്ന് ഇളവ് നല്‍കണമെന്നു ചില കോണുകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രായ മാനദണ്ഡങ്ങള്‍ കാരണം ഒഴിവാക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരേയും സിസിയിലെ പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തും.
പിണറായിക്ക് ഇളവ് ലഭിച്ചാല്‍ ഏഴ് ഒഴിവുകളായിരിക്കും പിബിയില്‍. രണ്ട് വനിതാ നേതാക്കള്‍ പ്രായപരിധി മറികടക്കുന്നതിനാല്‍ മറ്റ് രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തും. കെ. ഹേമലത, യു. വാസുകി, മറിയം ധാവ്‌ലെ, കെ.കെ ശൈലജ എന്നിവരില്‍ രണ്ട് പേരായിരിക്കും പുതിയതായി എത്തുക. ത്രിപുരയില്‍ നിന്നുള്ള വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ജിതേന്ദ്ര ചൗധരി, പശ്ചിമ ബംഗാളില്‍ നിന്നുള്ള ശ്രീദീപ് ഭട്ടാചാര്യ അല്ലെങ്കില്‍ സുജന്‍ ചക്രവര്‍ത്തി എന്നിവരും പരിഗണനയിലുണ്ട്.
കേരളത്തിന് പിബിയില്‍ ഒരു സ്ഥാനം കൂടി ലഭിച്ചാല്‍ ഇപി ജയരാജനെയോ കെ. രാധാകൃഷ്ണനെയോ പരിഗണിക്കും. വി. ശ്രീനിവാസ റാവു, അഭാസ് റോയ് ചൗധരി, കെ. ബാലകൃഷ്ണന്‍, ഷാമിക് ലാഹിരി എന്നിവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ചിലരാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പികെ ബിജു, ദിനേശന്‍ പുത്തലത്ത്, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ മലബാറില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാവ് പികെ സൈനബ എന്നിവരാണ് കേന്ദ്ര കമ്മിറ്റി ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള പ്രധാന നേതാക്കള്‍. മന്ത്രിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളുമായ മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, എം.ബി രാജേഷ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ.കെ രാഗേഷ്, ജെ. മേഴ്‌സിക്കുട്ടി അമ്മ, ടി.എന്‍ സീമ എന്നിവരും പരിഗണനയിലുണ്ട്.
നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ മൂന്ന് ഒഴിവുകളുണ്ട്. പ്രായപരിധി അനുസരിച്ച് എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരെ സിസിയില്‍ നിന്ന് ഒഴിവാക്കും. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുള്ള ഒരൊഴിവും നിലവിലുണ്ട്. കേരള ഘടകത്തിന്റെ ശക്തി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്ത് നിന്നുള്ള കൂടുതല്‍ നേതാക്കളെ സിസിയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.