പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച പുതിയ പാമ്പന്‍ പാലത്തിന് തകരാര്‍; കപ്പലിനായി ഉയര്‍ത്തിയ പാലം താഴ്ത്താനായില്ല

പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച പുതിയ പാമ്പന്‍ പാലത്തിന് തകരാര്‍; കപ്പലിനായി ഉയര്‍ത്തിയ പാലം താഴ്ത്താനായില്ല

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ച രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലത്തിന് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുപിന്നാലെ സങ്കേതിക തകരാര്‍. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലത്തിനാണ് തകരാര്‍ നേരിട്ടത്. പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനാണ് തകരാറിലായത്.

കപ്പല്‍ കടന്നുപോകുമ്പോള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന സംവിധാനമാണിത്. പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്ത ശേഷം തീരസംരക്ഷണ സേനയുടെ കപ്പല്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഈ കപ്പലിന് കടന്നുപോകാന്‍ പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി. എന്നാല്‍ കപ്പല്‍ കടന്നുപോയ ശേഷം ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ കഴിഞ്ഞില്ല.

അടിയന്തര അറ്റകുറ്റപ്പണിയിലൂടെ പ്രശ്നം പരിഹരിച്ചെങ്കിലും കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ തന്നെ പാലത്തിന് സങ്കേതിക തകരാര്‍ നേരിട്ടത് കല്ലുകടിയായി മാറി.

രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാമ്പന്‍ പാലം. 550 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ പാലം ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണ്. 2.08 കിലോമീറ്റര്‍ ദൂരമുള്ള പാലത്തില്‍ 99 സ്പാനുകളും 72.5 മീറ്റര്‍ നീളമുള്ള വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനും ഉള്‍പ്പെടുന്നു. ഇതുപയോഗിച്ച് പാലം 17 മീറ്റര്‍ വരെ കുത്തനെ ഉയര്‍ത്താന്‍ കഴിയും.

ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പ്പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തുന്ന സംവിധാനമായിരുന്നു പഴയ പാലത്തിന്റേത്. എന്നാല്‍ അഞ്ച് മിനുട്ട് കൊണ്ട് ലിഫ്റ്റ് സ്പാന്‍ 17 മീറ്ററോളം നേരെ ഉയര്‍ത്താവുന്ന സംവിധാനമാണ് പുതിയ പാലത്തില്‍. ഇത് വലിയ കപ്പലുകളുടെ സുഗമമായ കടന്നുപോക്കിനും തടസമില്ലാത്ത ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സഹായമാകും. പാലം കുത്തനെ ഉയര്‍ത്താനും താഴ്ത്താനും ഇലക്ട്രോ മെക്കാനിക്കല്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റാണ് ഉപയോഗിക്കുന്നത്. പാലം ഉയര്‍ത്താന്‍ മൂന്ന് മിനിറ്റും താഴ്ത്താന്‍ രണ്ട് മിനിറ്റുമാണ് വേണ്ടി വരിക.

രാജ്യത്തുടനീളം വ്യാപാരവും സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്താനും കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും പുതിയ പാമ്പന്‍ പാലം സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ തമിഴ്‌നാട് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പുതിയ പാമ്പന്‍ റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ രാമേശ്വരം, ചെന്നൈ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. ഇത് തമിഴ്‌നാട്ടിലെ വ്യാപാരത്തിന്റെയും ടൂറിസത്തിന്റെയും സാധ്യതകള്‍ വര്‍ധിപ്പിക്കും. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.