'ഉത്തരേന്ത്യയില്‍ പീഡനം, ദക്ഷിണേന്ത്യയില്‍ പ്രീണനം': നാഗ്പൂരില്‍ ഇരിക്കട്ടെ ആര്‍.എസ്.എസിന്റെ വ്യാമോഹം

'ഉത്തരേന്ത്യയില്‍ പീഡനം, ദക്ഷിണേന്ത്യയില്‍ പ്രീണനം': നാഗ്പൂരില്‍ ഇരിക്കട്ടെ ആര്‍.എസ്.എസിന്റെ വ്യാമോഹം

ഹിറ്റ്‌ലറുടെ പബ്ലിസിറ്റി മിനിസ്റ്ററായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ്. വലിയ തലയും തളര്‍ന്ന കാലുകളും ദുര്‍ബലമായ ശരീരവുമുള്ള ഒരു ചെറിയ മനുഷ്യന്‍. നുണകള്‍ ആവര്‍ത്തിച്ച് സത്യമാക്കാമെന്ന് നിരന്തരം വാദിച്ച വ്യക്തിയായിരുന്നു ഗീബല്‍സ്. 'ഗീബല്‍സന്‍ നുണകള്‍' എന്ന പദപ്രയോഗം പിന്നീട് ഖ്യാതി നേടി.

ജര്‍മനിയിലെ നാസി പത്രാധിപന്‍മാരുടെയും പബ്ലിക് റിലേഷന്‍സ് ഉദ്യഗസ്ഥരുടെയും ഒരു യോഗം അദേഹം ഒരിക്കല്‍ വിളിച്ചു കൂട്ടി. എതിരാളികളെപ്പറ്റി നുണകള്‍ പറയുമ്പോള്‍ വലിയ നുണകള്‍ പറയണമെന്ന് ഗീബല്‍സ് അവരോട് ഉപദേശിച്ചു.

കമ്യൂണിസ്റ്റുകാരെയും ജൂതന്‍മാരെയും കുറിച്ചുള്ള വലിയ നുണകള്‍ ജനങ്ങള്‍ വിശ്വസിക്കുമോ എന്ന് ആശങ്ക പ്രകടിപ്പിച്ച പത്രാധിപന്‍മാരോട് നുണകള്‍ ആവര്‍ത്തിച്ച് പറഞ്ഞ് ഇരു കൂട്ടരേയും സംശയത്തിന്റെ നിഴലില്‍ ആക്കാമെന്നും അതുവഴി ജനങ്ങളില്‍ വിദ്വേഷത്തിന്റെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം എന്നുമായിരുന്നു ഗീബല്‍സിന്റെ മറുപടി.

ഇതേ തന്ത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ സംഘപരിവാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നുണ പ്രചാരണങ്ങളിലൂടെ വിദ്വേഷത്തിന്റെ ഉന്മാദം വളര്‍ത്തുകയാണ് ഫാസിസത്തിന്റെ അതിതീവ്ര പ്രചാരകരായ ആര്‍.എസ്.എസുകാര്‍. ഇത് അത്യന്തം അപകടകരവും മനോരോഗ സമാനമായ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര വല്‍ക്കരണവുമാണ്.

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം. 17.29 കോടി ഏക്കര്‍ ഭൂമി (ഏഴ് ലക്ഷം ചതുരശ്ര കിലോമീറ്റര്‍) കത്തോലിക്ക സഭക്ക് കീഴിലുള്ള പള്ളികള്‍ക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നും ഇതിന് ഇരുപതിനായിരം കോടി രൂപ മൂല്യം വരുമെന്നുമായിരുന്നു ലേഖനത്തിലെ ആരോപണം.

എന്നു വച്ചാല്‍ 50 ലക്ഷത്തിലധികം ഏക്കര്‍ വിസ്തീര്‍ണമുള്ള കേരളവും അതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള മൂന്നോ, നാലോ അയല്‍ സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്താലും 17 കോടി ഏക്കര്‍ വരില്ല. അപ്പോള്‍ അതിലും കൂടുതല്‍ ഭൂമി കത്തോലിക്ക സഭയുടെ കൈവശമുണ്ടെന്ന, സാക്ഷാല്‍ ഗീബല്‍സ് പോലും നാണിക്കുന്ന തരത്തിലുള്ള കല്ലുവെച്ച നുണയാണ് ലേഖനത്തിലൂടെ ആര്‍.എസ്.എസ് പ്രചരിപ്പിച്ചത്.

സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി വഖഫ് ബോര്‍ഡിനല്ലെന്നും ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കാണെന്നുമാണ് ലേഖനം ചൂണ്ടിക്കാട്ടിയത്. വഖഫ് ബോര്‍ഡിന് 9.4 ലക്ഷം ഏക്കര്‍ മാത്രമാണുള്ളതെന്നും ബ്രിട്ടീഷ് ഭരണ കാലത്ത് അധീനതയില്‍ വന്നതാണ് സഭയുടെ സ്വത്തില്‍ ഏറിയ പങ്കുമെന്നും ലേഖനം ആരോപിച്ചു. ആദിവാസി, ഗ്രാമീണ മേഖലകളില്‍ ക്രൈസ്തവ മിഷണറിമാര്‍ നടത്തിവരുന്ന സ്തുത്യര്‍ഹ സേവനങ്ങളെ നിര്‍ബന്ധിത മത പരിവര്‍ത്തനം എന്നും ലേഖനം ആക്ഷേപിക്കുന്നു.

വൈകാതെ ലേഖനത്തിലെ പൊള്ളത്തരങ്ങള്‍ ബോധ്യമായതോടെ ഓര്‍ഗനൈസര്‍ ലേഖനം മുക്കി. പക്ഷേ, വഖഫ് നിയമ ഭേദഗതിയില്‍ പൊള്ളലേറ്റ് നില്‍ക്കുകയായിരുന്ന ചില മുസ്ലീം മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുമെല്ലാം ലേഖനത്തിന്റെ ആധികാരികതയോ, അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥയോ മനസിലാക്കാതെ സഭയ്‌ക്കെതിരെ കിട്ടിയ ആയുധം എന്ന നിലയില്‍ ഇതിന് വലിയ പ്രചാരണമാണ് നല്‍കി വരുന്നത്.

കത്തോലിക്കാ സഭയുടെ സ്വത്തുവകകളും അവ ഉപയോഗിച്ച് രാജ്യത്ത് നടത്തി വരുന്ന സേവനങ്ങളും സംബന്ധിച്ച് കൃത്യമായ ബോധ്യം സഭാ നേതൃത്വത്തിന് ഉണ്ടെന്നിരിക്കെ ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ സഭ തെല്ലും ഭയക്കുന്നില്ല. ചാപിള്ളയായി ഓര്‍ഗനൈസറില്‍ പിറന്നുവീണ ലേഖനത്തെ കഴുത്ത് ഞെരിച്ച് പെട്ടന്ന് ഇല്ലാതാക്കിയത് പശ്ചാത്താപ ബോധം കൊണ്ടോ, സംഘപരിവാറിന് ക്രൈസ്തവരോടുള്ള പ്രത്യേക സ്‌നേഹം മൂലമോ അല്ല എന്നറിയാം.

'കേരളം പിടിക്കുക' എന്ന രാഷ്ട്രീയ അജണ്ട മാത്രമാണ് അതിന് പിന്നില്‍. വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂമി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്രൈസ്തവരെ തങ്ങളുടെ കൈവെള്ളയില്‍ ആക്കാമെന്നും അതുവഴി കേരളത്തില്‍ അധികാരം പിടിക്കാമെന്നുമുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും വ്യാമോഹങ്ങള്‍ക്ക് പാതിരാത്രിയില്‍ കാണുന്ന വെറും പാഴ്ക്കിനാവിന്റെ ആയുസ് മാത്രമേ ഉണ്ടാവുകയൊള്ളൂ. ഇങ്ങനെ 'ഒരുറക്കം കൊണ്ടൊന്നും നേരം വെളുക്കില്ല' എന്നും ഓര്‍മിപ്പിക്കട്ടെ.

കാരണം കേരളത്തിലെ ക്രിസ്ത്യാനികളുടെ നെഞ്ചിലെ പുകയുന്ന നെരിപ്പോടാണ് തീപ്പന്തമായി കത്തിയെരിഞ്ഞ ഗ്രഹാം സ്‌റ്റെയിന്‍സും മക്കളും, ജുഡീഷ്യല്‍ കസ്റ്റ്ഡിയില്‍ വിറയാര്‍ന്ന് മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുമെല്ലാം. മാത്രമല്ല, മണിപ്പൂരും ജബല്‍പ്പൂരും ബെര്‍ഹാംപൂരുമൊന്നും സത്യക്രിസ്ത്യാനികള്‍ക്ക് മറക്കാനാവില്ല. 'ഉത്തരേന്ത്യയില്‍ പീഡനം, ദക്ഷിണേന്ത്യയില്‍ പ്രീണനം' എന്ന നയം നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ തന്നെ വച്ചാല്‍ മതി എന്ന് പറയാന്‍ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഭയമേതുമില്ല.

മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്ന് അതിന്റെ മറവില്‍ ക്രൈസ്തവരെ തിരഞ്ഞ് പിടിച്ച് വേട്ടയാടുന്ന തീവ്ര ഹിന്ദുത്വ സംഘടനകളും അവരെ സഹായിക്കാന്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഭരണകൂടങ്ങളും അക്രമികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്ന  പൊലീസ് സംവിധാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ 'വെറുക്കപ്പെട്ട പ്രത്യയശാസ്ത്രത്തെ' വെള്ളപൂശി കേരളത്തിലെത്തിച്ചാല്‍ ഇവിടെയുള്ള ക്രിസ്ത്യാനികള്‍ അതൊന്നും അപ്പാടെ എടുത്ത് വിഴുങ്ങില്ല എന്ന് ഓര്‍ക്കണം.

ഭൂരിപക്ഷ മതത്തിന്റെയോ, വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള മതരാഷ്ട വാദമാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം. തങ്ങളുടെ മതവും വംശവുമെല്ലാം അപകടത്തിലാണെന്ന് പ്രചരിപ്പിച്ച് മനുഷ്യ മനസുകളില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിക്കുകയാണ് ലോകത്തെല്ലായിടത്തും വര്‍ഗീയ വാദികളായ ഫാസിസ്റ്റ് സംഘടനകള്‍ ചെയ്തിട്ടുള്ളത്. ആര്‍.എസ്.എസിന്റെ നയവും മറ്റൊന്നല്ല. തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ടങ്ങളെ ഇളക്കി വിടുകയാണ് മുഖ്യ പ്രചാരണ തന്ത്രം.

അതിന്റെ ആനുകൂല്യങ്ങള്‍ പിന്‍പറ്റിയാണ് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ഹനുമാന്‍ സേനയും പോലുള്ള ഹിന്ദു ഫാസിസ്റ്റ് സംഘടനകള്‍ രാജ്യമെമ്പാടും അഴിഞ്ഞാടുന്നത്. ഇത് മണിപ്പൂരില്‍ സംഭവിച്ചത് പോലെ നിഷ്ഠൂരമായ കലാപങ്ങളിലേക്കും വംശഹത്യകളിലേക്കുമാണ് നയിക്കപ്പെടുന്നത്. ഇറ്റലിയില്‍ മുസോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും സ്‌പെയിനില്‍ ഫ്രാങ്കോവും അതായിരുന്നുവല്ലോ ചെയ്തത്.

വഖഫ് നിയമ ഭേദഗതിക്ക് പിന്നാലെ ചര്‍ച്ച് ബില്‍ എന്ന ഭീഷണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചില തല്‍പ്പര കക്ഷികള്‍ ഇതിന് പ്രചുര പ്രചാരവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വലിയ വെല്ലുവിളിയായി സഭ കാണുന്നില്ല. ഇതിലും വലിയ പ്രതിസന്ധികള്‍ തരണം ചെയ്താണ് കത്തോലിക്കാ സഭ ഇവിടെ വരെ എത്തിയത്.

പീഡിപ്പിച്ചും അടിച്ചമര്‍ത്തിയുമല്ല, പീഡിപ്പിക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടുമാണ് സഭ വളര്‍ന്നത്. കാല്‍വരിയിലെ മഹാ ത്യാഗമാണ് അന്നും ഇന്നും സഭാ മക്കളുടെ ഊര്‍ജം. ദുഖവെള്ളിക്കപ്പുറം ഒരു ഉയിര്‍പ്പ് ഞായര്‍ ഉണ്ടെന്ന പ്രത്യാശയാണ് ക്രൈസ്തവ സഭയെ അനുദിനം മുന്നോട്ട് നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.