ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം ഹനിക്കാത്ത വിധത്തിലായിരിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. തിടുക്കപ്പെട്ടുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി.
നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും പൊതുജനതാല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
യു.എസുമായി മികച്ച വ്യാപാര ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലേക്കെത്തിക്കാനുള്ള ലക്ഷ്യമാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'ഇന്ത്യ ഫസ്റ്റ്' എന്ന നയത്തിലൂന്നിയും 2047 ല്‍ വികസിത ഭാരതം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം കണക്കിലെടുത്തുമുള്ള ചര്‍ച്ചകളാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ഭീഷണിക്ക് വഴങ്ങി വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെന്ന വസ്തുത ഇതിനുമുന്‍പ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ചര്‍ച്ചകള്‍ സമയബന്ധിതമാകുന്നത് നല്ലതാണ്. പക്ഷേ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തിരക്കിട്ടുള്ള തീരുമാനങ്ങള്‍ ഒരിക്കലും നല്ലതല്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-യു.എസ് വ്യാപാരക്കരാറിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് ഗോയല്‍ അറിയിച്ചു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഇറ്റലി-ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കവേ ഗോയല്‍ പറഞ്ഞു.
ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കരാര്‍ സഹായകമാകും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐഎംഇസി) ഇന്ത്യയെയും ഇറ്റലിെയും കൂടുതല്‍ ബന്ധിപ്പിക്കുമെന്നും പീയൂഷ് ഗോയല്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.